മലയോരജനത അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്
1512193
Saturday, February 8, 2025 1:35 AM IST
വെള്ളരിക്കുണ്ട്: ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾക്ക് അടിയന്തര പരിഹാര നടപടികളുണ്ടാകുക, റബർ, നാളികേര, നെല്ല്, ക്ഷീരകർഷകർക്ക് സഹായകരമായ പദ്ധതികളാവിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മലയോരജനത അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്. കർഷകസ്വരാജ് സത്യാഗ്രഹം എന്ന പേരിൽ നീണ്ടുനിൽക്കുന്ന സമരത്തിനാണ് തയാടുപ്പുകൾ നടക്കുന്നത്. അതിനു മുന്നോടിയായി 10നു വൈകുന്നേരം നാലിന് മുഖ്യമന്ത്രിക്ക് നിവേദനമയക്കുന്ന പൊതുചടങ്ങ് വെള്ളരിക്കുണ്ടിൽ സംഘടിപ്പിച്ചിട്ടുണ്ട്.
നിവേദനത്തിലെ ആവശ്യങ്ങൾക്ക് ന്യായമായ സമയത്തിനുള്ളിൽ സർക്കാരിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെങ്കിൽ സത്യഗ്രഹമാരംഭിക്കാനുള്ള ഒരുക്കങ്ങൾക്കും ഇതോടൊപ്പം തുടക്കം കുറിക്കും. വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കർഷകസ്വരാജ് സദസുകൾ സംഘടിപ്പിച്ച് നിവേദനത്തിലെ ആവശ്യങ്ങളെ കുറിച്ചും സത്യഗ്രഹത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ പ്രചരണം നടത്തും.
ഈ നീക്കം മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങളിൽ പ്രധാനപ്പെട്ട കാര്യമായ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് തയാറാക്കിയ വിശദമായ റിപ്പോർട്ടു കൂടിയാണ് നിവേദനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 13 ജില്ലകളിലെ പ്രശ്നബാധിത മേഖലകളിലെത്തി നേരിട്ട് നടത്തിയ വിവരശേഖരണത്തിന്റെയും വിവരാവകാശ രേഖകളുടെയും സിഎജി റിപ്പോർട്ടിലെ ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് നൽകുന്ന പഠന റിപ്പോർട്ട് തയാറാക്കിയത്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ചെയ്യേണ്ടതും ദീർഘകാലാടിസ്ഥാനത്തിൽ ചെയ്യേണ്ടതുമായ കാര്യങ്ങൾ നിവേദനത്തിൽ പ്രത്യേകമായി സൂചിപ്പിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിന്റെയും മതങ്ങളുടെയും ലേബലുകളൊന്നുമില്ലാതെ ജനകീയമായി നടത്തുന്ന ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കർഷകസ്വരാജ് സത്യാഗ്രഹ സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്.
സണ്ണി പൈകട ചെയർമാനും ബേബി ചെമ്പരത്തി കൺവീനറും ജോർജ് തോമസ് ട്രഷററുമായ കർഷകസ്വരാജ് സത്യാഗ്രഹ സമിതിയിൽ ഷാജൻ പൈങ്ങോട്ട് പി. രാഘവൻ, ടി.എം. ബഷീർ, സിബിച്ചൻ പുളിങ്കാല, സാലി ടോമി, മധു എസ്. നായർ, സാജൻ ജോസഫ്, ജോർജുകുട്ടി മാടത്താനി, മധു കൊടിയൻകുണ്ട്, ജോസ് മണിയങ്ങാട്ട്, രാഹുൽ വെള്ളരിക്കുണ്ട് എന്നിവരും അംഗങ്ങളാണ്.
അനിശ്ചിതകാല സത്യഗ്രഹമാരംഭിക്കുന്ന ഘട്ടത്തിൽ വിവിധ സാമൂഹ്യ-രാഷ്ട്രീയ-മത-നേതാക്കളെ ഉൾപ്പെടുത്തിയുള്ള സത്യഗ്രഹ സഹായസമിതിക്ക് രൂപം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ സണ്ണി പൈകട, സിബിച്ചൻ പുളിങ്കാല, ബേബി ചെമ്പരത്തി, ജോസ് മണിയങ്ങാട്ട്, ഷാജൻ പൈങ്ങോട്ട്, സാജൻ ജോസഫ്, ബഷീർ കല്ലഞ്ചിറ എന്നിവർ പങ്കെടുത്തു.