വന്യജീവി ആക്രമണം : സര്‍ക്കാരുകള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉണ്ണിത്താന്
1513499
Wednesday, February 12, 2025 7:38 AM IST
കാസര്‍ഗോഡ്: കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി പരന്നുകിടക്കുന്ന മലയോര മേഖലയില്‍ അനുദിനം വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിന്റെയും അതുമൂലം ഉണ്ടാകുന്ന കൃഷിനാശവും ജനങ്ങളുടെ ജീവന് തന്നെ വന്യജീവികള്‍ ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്കും പ്രാദേശിക സമ്പദ്വ്യസ്ഥയ്ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചുകൊണ്ട് മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് പതിവായി വന്യജീവികള്‍ അതിക്രമിച്ചു കടക്കുന്നത് വിളനാശത്തിനും വളര്‍ത്തുമൃഗങ്ങള്‍ ഉള്‍പ്പെടെ മനുഷ്യജീവന് പോലും വന്‍ ഭീഷണിയായിട്ടുണ്ട്.
കാട്ടുപന്നികള്‍, കുരങ്ങുകള്‍, പുള്ളിപ്പുലികള്‍, മയിലുകള്‍ എന്നീ വന്യജീവികളുടെ അക്രമങ്ങളാണ് കാസര്‍ഗോഡ് മണ്ഡലത്തില്‍ പ്രാധാനമായും ജനങ്ങള്‍ വിശിഷ്യാ കര്‍ഷകസമൂഹം നേരിട്ടുകൊണ്ടിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് വിളനാശവും കടുത്ത സാമ്പത്തിക നഷ്ടവും സംഭവിക്കുന്നുണ്ട്. പുള്ളിപ്പുലികള്‍ പലപ്പോഴും ഗ്രാമങ്ങളില്‍ പ്രവേശിക്കുകയും കന്നുകാലികളെ ആക്രമിക്കുകയും താമസക്കാരില്‍ ഭയം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. വനനശീകരണം, ആവാസവ്യവസ്ഥയുടെ നാശം, വന്യജീവി സഞ്ചാരപാതയില്‍ വന്ന കുറവ് എന്നിവയാണ് ഈ പ്രശ്നങ്ങള്‍ക്ക് പ്രാധാന കാരണങ്ങള്‍. മനുഷ്യവാസത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി വനങ്ങള്‍ വെട്ടിത്തെളിക്കപ്പെടുന്നതിനാല്, ഭക്ഷണവും വെള്ളവും തേടി മൃഗങ്ങള്‍ കൃഷിയിടങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും കടക്കാന്‍ നിര്‍ബന്ധിതരാകുന്നു.
കൃഷിയിടങ്ങളില്‍ നിന്നും മനുഷ്യവാസ സ്ഥലങ്ങളില്‍ നിന്നും വന്യമൃഗങ്ങളെ അകറ്റി നിര്‍ത്തുന്നതിന് സോളാര്‍ വേലി, ജൈവവേലി, ആഴത്തിലുള്ള കിടങ്ങുകള്‍ തുടങ്ങിയ ശാസ്ത്രീയ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തേണ്ടത് ഈ വിഷയത്തിന്റെ അടിയന്തര ആവശ്യമാണ്. വന ആവാസ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുകയും മനുഷ്യ മേഖലകളിലേക്കുള്ള മൃഗങ്ങളുടെ സഞ്ചാരം കുറയ്ക്കുന്നതിന് ബഫര്‍ സോണുകള്‍ സൃഷ്ടിക്കുകയും വേണം.
കാട്ടുപന്നികള്‍, കുരങ്ങുകള്‍ തുടങ്ങിയ വംശവര്‍ധന കൂടിയ ജീവിവര്‍ഗങ്ങളെ ട്രാക്ക് ചെയ്യുന്നതിനും വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനുമുള്ള ശാസ്ത്രീയ വന്യജീവി പരിപാലനം നടപ്പിലാക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്. കൂടാതെ വിളനാശത്തിനും കന്നുകാലി ആക്രമണങ്ങള്‍ക്കും ഇരയാവുന്ന കര്‍ഷകര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തികച്ചും ന്യായമായ നഷ്ടപരിഹാരം ഉറപ്പു വരുത്തണം. ഇത് ഒരു മുന്‍ഗണനാ വിഷയമായി കണക്കാക്കി കാസര്‍ഗോഡ് മണ്ഡലത്തിലെ മനുഷ്യരുടെയും വന്യജീവികളുടെയും നിലനില്‍പ്പ് അപകടരമല്ലാത്ത രീതിയിലാണെന്ന് ഉറപ്പാക്കാന്‍ അനുയോജ്യമായ ഏറ്റവും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.