കോളംകുളത്ത് വൻ തീപിടിത്തം: കൃഷിയിടം കത്തി നശിച്ചു
1512197
Saturday, February 8, 2025 1:35 AM IST
ബിരിക്കുളം: കോളംകുളത്ത് വൻ തീപിടിത്തം. സി.കെ. തമ്പാന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കറോളം സ്ഥലത്തെ തെങ്ങും കമുകുമടക്കമുള്ള കൃഷിയിടമാണ് കത്തി നശിച്ചത്.
ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. നാട്ടുകാരും കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റും കിണഞ്ഞു ശ്രമിച്ചാണ് തീ കെടുത്തിയത്.
വേനൽക്കാലമായതോടെ മലയോരമേഖലയിൽ വരണ്ട പാറപ്പുല്ലുകൾ നിറഞ്ഞ പ്രദേശങ്ങളിൽ തീപിടിത്തങ്ങൾ തുടർക്കഥയാകുകയാണ്.
കാഞ്ഞങ്ങാട്ടു നിന്നോ തൃക്കരിപ്പൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നോ അഗ്നിരക്ഷാസേന എത്തുന്നതിനു മുന്പ് എല്ലാം കത്തിയമർന്ന് ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്.
വെള്ളരിക്കുണ്ട് താലൂക്കിൽ അഗ്നിരക്ഷാനിലയം അനുവദിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും അതിനുള്ള നടപടിക്രമങ്ങൾ എങ്ങുമെത്താതെ നീളുകയാണ്.