നീലേശ്വരത്ത് തിരിച്ചെത്തിയ പരുന്തിനെ നാട്ടുകാർ പിടികൂടി വനംവകുപ്പിന് കൈമാറി
1512910
Tuesday, February 11, 2025 1:22 AM IST
നീലേശ്വരം: ഒരുതവണ വനംവകുപ്പ് പിടികൂടി കാട്ടിൽ കൊണ്ടുപോയി വിട്ടിട്ടും തിരിച്ചെത്തിയ നീലേശ്വരത്തെ പരുന്തിനെ വീണ്ടും നാട്ടുകാർ പിടികൂടി വനംവകുപ്പിന് കൈമാറി. എസ്എസ് കലാമന്ദിർ റോഡിലെ നാട്ടുകാർ ഒരുങ്ങിയിറങ്ങിയാണ് ഒരു വീടിന്റെ മുറ്റത്തുനിന്ന് പരുന്തിനെ പിടികൂടി പ്ലാസ്റ്റിക് കൂട്ടിലാക്കിയത്. അടുത്തുള്ള സ്ഥലങ്ങളിലൊന്നും വീണ്ടും തുറന്നുവിടരുതെന്ന അഭ്യർഥനയോടെയാണ് വനംവകുപ്പിന് കൈമാറിയത്.
എസ്എസ് കലാമന്ദിർ റോഡിന് സമീപം തമ്പടിച്ച പരുന്ത് നാട്ടുകാർക്കും സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു പോകുന്ന രോഗികൾക്കും ജീവനക്കാർക്കും നിരന്തര ഭീഷണിയായിരുന്നു. മത്സ്യം വാങ്ങി നടന്നുപോകുന്നവരെ ആക്രമിച്ച് ഇര തട്ടിയെടുക്കുകയായിരുന്നു തുടക്കത്തിലെ രീതി. പിന്നീട് എല്ലാ മനുഷ്യരെയും ആക്രമിക്കാൻ തുടങ്ങി. നടന്നുപോകുന്നവരുടെ തോളത്തും തലയിലും ചാടിവീണ് കൂർത്ത നഖങ്ങൾകൊണ്ടും കൊക്കുകൊണ്ടും മുറിവേല്പിക്കുന്നത് പതിവായി.
നിരവധി പേർക്ക് പരിക്കേറ്റതോടെയാണ് നാട്ടുകാർ വനംവകുപ്പിൽ പരാതിയുമായെത്തിയത്. വനംവകുപ്പ് റസ്ക്യൂ വോളന്റിയർമാരുടെ സഹായത്തോടെ പരുന്തിനെ പിടികൂടി 40 കിലോമീറ്ററിലേറെ അകലെയുള്ള കോട്ടഞ്ചേരി വനത്തിൽ കൊണ്ടുപോയി വിട്ടു. എന്നാൽ, ആറു ദിവസത്തിനുശേഷം പരുന്ത് മറ്റൊരു പരുന്തിനെ കൂടെകൂട്ടി തിരിച്ചെത്തുകയായിരുന്നു.
വീണ്ടും അക്രമസ്വഭാവം തുടർന്നതോടെയാണ് നാട്ടുകാർ തന്നെ പരുന്തിനെ പിടികൂടാൻ രംഗത്തിറങ്ങിയത്. ഒപ്പമുണ്ടായിരുന്ന പരുന്ത് ഇതുവരെ അക്രമസ്വഭാവം കാണിക്കാത്തതിനാൽ അതിനെ പിടികൂടാൻ ശ്രമിച്ചില്ല. ശല്യക്കാരനായ പരുന്ത് പോയിക്കഴിഞ്ഞാൽ അത് താനേ സ്ഥലംവിടുമെന്നാണ് പ്രതീക്ഷ.