എങ്ങുമെത്താതെ പദ്ധതികള്‍; ദുരിതത്തിലായി വിഇഒമാര്‍
1512906
Tuesday, February 11, 2025 1:22 AM IST
കാസര്‍ഗോഡ്: നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒന്നര മാസത്തോളം ബാക്കിയിരിക്കെ പഞ്ചായത്തുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നെട്ടോട്ടമോടുന്നു. പ്രഖ്യാപിച്ച പദ്ധതികള്‍ എല്ലാം നടപ്പിലാക്കിയ ഒരു പഞ്ചായത്ത് പോലുമില്ല. ഇതില്‍ ദുരിതതത്തിലായിരിക്കുന്നത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരാണ്.
പഞ്ചായത്തുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥരും തനത് ഫണ്ടുകള്‍ ഉള്‍പ്പെടെ പദ്ധതികളുടെ 40ശതമാനം തുകയും കൈകാര്യം ചെയ്യുന്ന വിഇഒമാര്ക്കു അടിസ്ഥാന സൗകര്യങ്ങളോ ചെയ്യേണ്ട ജോലിയെക്കുറിച്ചു വ്യക്തമായ നിര്‍ദേശവും ഇല്ലെന്നു ജീവനക്കാര്‍ പറയുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വ്യക്തിഗത ആനുകൂല്യങ്ങളുടെ സാക്ഷ്യപത്രവും ഫീല്‍ഡ് പരിശോധന, സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന നിര്‍മാണം, പിഎംഎവൈ, പഞ്ചായത്തുകളിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, ഹരിതകർമ സേനകളുടെ കോ-ഓര്‍ഡിനേഷന്‍, പെന്ഷന്, ബിപിഎല്‍ പരിശോധന ഉള്‍പ്പെടെ പഞ്ചായത്തുകളിലെ സുപ്രധാന ചുമതലകള്‍ വഹിക്കുന്ന വിഇഒമാരാണ്.
എന്നാല്‍, ഇവര്‍ക്കു യാത്രാബത്തയായി മാസത്തില്‍ നല്കുന്നതാകട്ടെ 260 രൂപ മാത്രമാണ്. പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ ഗുണഭോക്താക്കളെ നേരില്‍ കാണാനും മറ്റു പരിശോധനകള്‍ക്കായി പോകാനും ഈ തുക തികയില്ലെന്നു ഇവര്‍ പറയുന്നു.
ഗൃഹ സന്ദര്‍ശന പരിശോധനകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ലൈഫ് ഭവന പദ്ധതികള്‍ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് പണം നല്‍കാനാകൂ. വിവിധ പദ്ധതികളിലായി ആയിരകണക്കിന് ജനങ്ങളാണ് ഓരോ വാര്‍ഡുകളിലും ഗ്രാമസഭകള്‍ വഴി അപേക്ഷകള്‍ നല്‍കുന്നത്. ഇതു സമയബന്ധിതമായി പരിശോധന നടത്തി ഗുണഭോക്താക്കളുടെ പട്ടിക മാര്‍ച്ച് 15 നകം അനുവദിക്കണമെങ്കില്‍ ജീവനക്കാര്‍ക്കു അടിസ്ഥാന സൗകര്യങ്ങള്‍ വേണം.
കംപ്യൂട്ടര്‍, പ്രിന്റര്‍ ഉള്‍പ്പെടെ ഇല്ലാത്ത വിഇഒ ഓഫീസുകളുണ്ട്. ഉള്ളതാണെങ്കില്‍ കൃത്യമായി പ്രവര്‍ത്തിക്കാത്ത അവസ്ഥയുണ്ട്. നിലവില്‍ ഒരു ഓഫീസ് അസിസ്റ്റന്റ് പോലുമില്ലാതെ ഒറ്റയാള്‍ പോരാട്ടമാണ് വിഇഒമാര്‍ ചെയ്യുന്നത്. വിഇഒമാര്‍ നിലവില്‍ പഞ്ചായത്തില്‍ ജോലി ഭാരത്താല്‍ പ്രയാസപ്പെടുമ്പോള്‍ മറ്റു പഞ്ചായത്തുകളിലെ അധിക ചുമതലകള്‍ കൂടി ഇവർക്കു നല്‍കുന്നുണ്ട്.
വിഇഒമാര്‍ നിര്‍വഹിക്കേണ്ട പദ്ധതികള്‍ ഏതൊക്കെയെന്നതിനെക്കുറിച്ചുള്ള വ്യക്തത ഇല്ലാതെ പഞ്ചായത്തുകള്‍ പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്ന അവസ്ഥയുണ്ട്. ചില സാഹചര്യങ്ങളില്‍ ഇതു പഞ്ചായത്ത് ഭരണസമിതികളും ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തിനിടയാക്കുന്നു.
പഞ്ചായത്ത്, അംഗീകാരം ലഭിച്ച പദ്ധതികള്‍,
നടപ്പാക്കാത്തവ എന്ന ക്രമത്തില്‍
മംഗല്പാടി-282, 145, വോര്‍ക്കാടി-331, 127, പുത്തിഗെ-250, 110, മീഞ്ച-213, 104, മഞ്ചേശ്വരം-331, 167, പൈവളികെ-237, 129, എന്മകജെ, 282, 129, ബെള്ളൂര്‍-232, 120, കുംബഡാജെ-226, 70, മുളിയാര്‍, 232, 112, കാറഡുക്ക-241, 102, ദേലംപാടി-252, 116, ബേഡഡുക്ക-206, 90, കുറ്റിക്കോല്‍-269, 101, ചെങ്കള-452, 266, ചെമ്മനാട്-433, 281, മധൂര്‍-315, 169, മൊഗ്രാല്‍പുത്തൂര്‍-284, 141, ബദിയഡുക്ക-269, 138, കുമ്പള-314, 127, ഉദുമ-353, 161, അജാനൂര്‍-355, 179, മടിക്കൈ-269, 113, പള്ളിക്കര-319, 123, പുല്ലൂര്‍-പെരിയ-295, 152, ബളാല്‍-258, 127, കോടോം-ബേളൂര്‍-324, 146, കള്ളാര്‍-280, 139, പനത്തടി-244, 88, ഈസ്റ്റ് എളേരി-267, 137, വെസ്റ്റ് എളേരി-265, 148, കിനാനൂര്‍-കരിന്തളം-245, 84, ചെറുവത്തൂര്‍- 266, 73, കയ്യൂര്‍-ചീമേനി-245, 90, പിലിക്കോട്-252, 72, തൃക്കരിപ്പൂര്‍-268, 94, വലിയപറമ്പ്-212, 60, പടന്ന-246, 110.