ബേഡഡുക്കയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ
1512308
Sunday, February 9, 2025 1:50 AM IST
പെർളടുക്കം: തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടതിനുശേഷം ബേഡഡുക്ക പഞ്ചായത്തിന്റെ ഭീതിയൊഴിയുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ കൊളത്തൂർ വരിക്കുളം, വിളക്കുമാടം, ആയംകടവ് എന്നിവിടങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. മുളിയാർ വനത്തിൽ നിന്ന് ഒന്നിലേറെ പുലികൾ ബേഡഡുക്കയിലെത്തിയതായി സംശയിക്കുന്നതിനാൽ തുരങ്കത്തിൽനിന്ന് രക്ഷപ്പെട്ട പുലി തന്നെയാണോ ഇതെന്ന് വ്യക്തമല്ല.
വനംവകുപ്പ് ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നേരിട്ടും ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം പുലി രക്ഷപ്പെട്ട മടന്തക്കോടിന് സമീപമുള്ള കളവയൽ എന്ന സ്ഥലത്താണ് വനംവകുപ്പ് പുലിക്കൂട് സ്ഥാപിച്ചിട്ടുള്ളത്. ഇതിനടുത്തുതന്നെ വലിയ ഗുഹയും ഉള്ളതിനാൽ പുലി വരാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.
പഞ്ചായത്തിൽ പലയിടങ്ങളിലായി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാർ തുരങ്കത്തിനുള്ളിൽ കുടുക്കിയ പുലി വനംവകുപ്പിന്റെ അനാസ്ഥ മൂലം രക്ഷപ്പെട്ടതിലുള്ള ജനരോഷവും ശക്തമാണ്.