അനധികൃത മത്സ്യബന്ധനം: കര്‍ണാടക ബോട്ടുകള്‍ പിടികൂടി
1513507
Wednesday, February 12, 2025 7:38 AM IST
കാസര്‍ഗോഡ്: അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ടു കര്‍ണാടക ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടികൂടി. ഇരു ബോട്ടുകൾക്കും അഞ്ചു ലക്ഷം രൂപ പിഴ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു. ഫിഷറീസ് വകുപ്പ്, കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ സംയുക്തമായി നടത്തിയ രാത്രികാല പട്രോളിംഗിലാണ് ബോട്ടുകള്‍ പിടിയിലായത്.
തൈക്കടപ്പുറം തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ തീരത്തോട് ചേര്‍ന്ന് രാത്രികാല ട്രോളിംഗ് നടത്തിയതിനാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം ഇരു ബോട്ടുകള്‍ക്കുമെതിരെ നടപടി എടുത്തത്. കര്‍ണാടകയില്‍ നിന്നുള്ള ഇഹാന്‍, ഹഫ്സിയ എന്നീ ബോട്ട് ഉടമകള്‍ക്കെതിരെയാണ് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.എ. ലബീബ് പിഴ വിധിച്ചത്.
ഫിഷറീസ് അസി. ഡയറക്ടര്‍ തസനിമ ബീഗതിന്റെ നിര്‍ദേശപ്രകാരം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കുമാരി അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകള്‍ പിടികൂടിയത്.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിംഗിലെ അര്ജുന് തൃക്കരിപ്പൂര്‍, കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ രതീഷ് ബേക്കല്‍, രഞ്ജിത്, കുമ്പള കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ സുമേഷ്, സീ റെസ്ക്യൂ ഗാര്‍ഡുമാരായ മനു, അജീഷ് കുമാര്‍, ഹാര്‍ബര്‍ റെസ്ക്യൂ ഗാര്‍ഡ്മാരായ ജോണ്‍, അക്ബര്‍ അലി, സ്രാങ്ക് സതീശന്, എന്ജിന് ഡ്രൈവര്‍ കണ്ണന് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
നിയമലംഘനം നടത്തി കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ജില്ലയില്‍ അനധികൃത മത്സ്യബന്ധനത്തിന് എതിരെ 68 ലക്ഷം രൂപ പിഴ ഈടാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.