തീപിടിത്തം: റാണിപുരത്തെ ട്രക്കിംഗ് 15ന് പുനരാരംഭിക്കും
1513508
Wednesday, February 12, 2025 7:38 AM IST
റാണിപുരം: റാണിപുരം മാനിപ്പുറത്ത് കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ തീപിടിത്തത്തെ തുടർന്ന് നിർത്തിവച്ച ട്രക്കിംഗ് 15ന് പുനരാരംഭിക്കും. തീപിടിത്തത്തിൽ പുൽമേട് ഏകദേശം പത്തേക്കറോളം കത്തി നശിച്ചു. ശനിയാഴ്ച ഉച്ചയോടു കൂടിയാണ് മരുതോം സെക്ഷൻ ഭാഗത്ത് തീപിടിത്തം കണ്ടത്.
മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിൽ അർദ്ധ രാത്രിയോടെയാണ് തീ അണക്കാനയത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. സഞ്ചാരികളുടെ അശ്രദ്ധ മൂലമോ നായാട്ട് സംഘങ്ങളോ ആകാം തീപിടിത്തത്തിന് കാരണമെന്നാണ് കണക്കുകൂട്ടൽ. വനപാലകരുടെ അശ്രദ്ധയാണ് ഇത്തരത്തിൽ റാണിപുരത്തിന്റെ സൗന്ദര്യമായ പുൽമേട് ഏകദേശം പൂർണമായും കത്തി നശിക്കാൻ ഇടയാക്കിയത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കത്തി നശിച്ചതിന്റെ പൂർണരൂപം പുറത്തറിയരുത് എന്ന ഉദ്ദേശം കൊണ്ടാകാം ഒരാഴ്ചത്തേക്ക് ട്രക്കിംഗ് നിർത്തിവച്ചതെന്ന് ആരോപണമുണ്ട്.