നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് സമുച്ചയം ഒരുങ്ങുന്നു
1512626
Monday, February 10, 2025 1:38 AM IST
നീലേശ്വരം: റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് വിശാലമായ പാർക്കിംഗ് സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാകുന്നു. ഇവിടെ ഇന്റർലോക്ക് കട്ടകൾ പാകി ഉറപ്പിക്കുന്ന ജോലി ഏതാണ്ട് പൂർത്തിയായി. പാർക്കിംഗ് സമുച്ചയം തുറന്നു കൊടുക്കുന്നതിന് മുന്നോടിയായുള്ള ടെൻഡർ നടപടികൾ പാലക്കാട് ഡിവിഷൻ കൊമേർഷ്യൽ വിഭാഗത്തിനു കീഴിൽ ആരംഭിച്ചിട്ടുണ്ട്.
ഇതോടെ കാഞ്ഞങ്ങാടിന് പിന്നാലെ നീലേശ്വരത്തും റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമാകും. അര ഏക്കറോളം വിസ്തൃതിയുള്ള പാർക്കിംഗ് ഏരിയയിൽ ഒരേസമയം ചുരുങ്ങിയത് 50 കാറുകളെങ്കിലും നിർത്തിയിടാൻ കഴിയും. റെയിൽവേ സ്റ്റേഷന്റെ കിഴക്കുവശത്ത് മതിയായ പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നത് മലയോരമേഖലയിൽ നിന്നുള്ള യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു.