ബജറ്റ് വിദ്യാഭ്യാസ മേഖലയെ വഞ്ചിച്ചു: കെപിഎസ്ടിഎ
1512911
Tuesday, February 11, 2025 1:22 AM IST
കാസര്‍ഗോഡ്: പൊതുവിദ്യഭ്യാസ മേഖലയ്ക്ക് ബജറ്റ് അനുവദിച്ച 2391.13 കോടി കഴിഞ്ഞ ബജറ്റിന്റെ ആവര്‍ത്തനമാണെന്നും കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പദ്ധതികളില്‍ യൂണിഫോം അലവന്‍സുള്‍പ്പെടെ ഭൂരിഭാഗവും നടപ്പിലാക്കാത്തതാണെന്നും പുതിയ നിര്‍ദേശങ്ങളും പദ്ധതികളും ഇല്ലാത്ത ബജറ്റ് നിര്‍ദേശങ്ങള്‍ പൊതുവിദ്യഭ്യാസ മേഖലയെ വഞ്ചിക്കുന്നതാണെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം. രാജീവന് നമ്പ്യാര്‍. കെപിഎസ്ടിഎ കാസര്‍ഗോഡ് താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനസൗകര്യവികസനത്തിന്ന് അനുവദിച്ച 84.28 കോടി നാമമാത്രമാണ്. ആയിരക്കണക്കിന് അധ്യാപകരുടെ നിയമന അംഗീകാരത്തിന് യാതൊരു നിര്‍ദേശങ്ങളും ഇല്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ പെന്ഷന് നയത്തെ കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നു. പുതിയ ശമ്പള പരിഷ്കരണം നടപ്പിലാക്കേണ്ട സമയം കഴിഞ്ഞ ജൂലൈയില്‍ അതിക്രമിച്ചിട്ടും, കഴിഞ്ഞ ശമ്പള പരിഷ്കരണത്തിലെ നാലു ഗഡു അരിയറില്‍ രണ്ടു ഗഡുമാത്രം അനുവദിക്കുകയും, ആറു ഗഡു ഡിഎ അരിയറില്‍ ഒരു ഗഡു മാത്രം അനുവദിക്കുകയും ചെയ്യുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ അധ്യാപകരെ കബളിപ്പിക്കുന്നതാണ്. പുതിയ ശമ്പള കമ്മീഷനെ കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നു.
പൊതുവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും ഉച്ചഭക്ഷണം ഉള്‍പ്പടെയുള്ള കുട്ടികളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ പ്രായോഗിക നിര്‍ദേശങ്ങള്‍ ഇല്ലാത്തതും വിദ്യഭ്യാസമേഖലയോടുള്ള സര്‍ക്കാരിന്റെ ചിറ്റമ്മ നയം വ്യക്തമാണ്. കോടതി നിര്‍ദേശം ഉണ്ടായിട്ടു പോലും പ്രീ പ്രൈമറി മേഖലയെ ബജറ്റ് പൂര്‍ണമായും അവഗണിച്ചുവെന്നും റവന്യൂ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
റവന്യു ജില്ലാ പ്രസിഡന്റ് കെ.വി. വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രശാന്ത് കാനത്തൂര്‍, അലോഷ്യസ് ജോര്‍ജ്, യൂസഫ് കൊട്യാടി, അശോകന് കോടോത്ത്, സ്വപ്ന ജോര്‍ജ്, പി. ജലജാക്ഷി, കെ.വി. ജനാര്ദ്ദനന്, കെ. ഗോപാലകൃഷ്ണന്, വിമല്‍ അടിയോടി, കെ. സന്ധ്യ, കെ. സുഗതന്, രജനി കെ. ജോസഫ്, ആര്.വി. പ്രേമാനന്ദന്, എ. രാധാകൃഷ്ണന്, എ. ജയദേവന്, ബിനോ ജോസഫ്, പി. രതീശന്, പി. ഷൈമ, മീനാകുമാരി, സല്മാന് ജാഷിം, ഷിനോ ജോര്‍ജ്, ഹരീഷ് പേറയില്‍, ഇസ്മായില്‍, പി.ടി. ബെന്നി, ജോമി ടി.ജോസ് എന്നിവര്‍ പ്രസംഗിച്ചു.