ഇസ്രയേലിന് യുഎസ് 100 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകും
Thursday, May 16, 2024 12:36 AM IST
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന് നൂറു കോടി ഡോളറിന്റെ ആയുധങ്ങൾ നല്കാനുള്ള നടപടികൾ യുഎസ് പ്രസിഡന്റ് ബൈഡൻ ആരംഭിച്ചു. ഇതിനുള്ള അനുമതി നല്കണമെന്ന് കോൺഗ്രസിനോടു വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു.
പലസ്തീനികൾ തിങ്ങിനിറഞ്ഞ റാഫയിലെ സൈനികനടപടിയുടെ പേരിൽ ഇസ്രയേലിന് ആയുധങ്ങൾ നല്കുന്നത് നിർത്തിവയ്ക്കുമെന്നു ബൈഡൻ നേരത്തേ പറഞ്ഞിരുന്നതാണ്. കഴിഞ്ഞയാഴ്ച ശക്തിയേറിയ ബോംബുകളുടെ ഷിപ്മെന്റ് കഴിഞ്ഞയാഴ്ച യുഎസ് തടഞ്ഞു.
അമേരിക്ക നല്കിയ ആയുധങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇസ്രയേൽ ഉപയോഗിച്ചിരിക്കാമെന്ന റിപ്പോർട്ടും യുഎസ് തയാറാക്കിയിരുന്നു.
എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ ആയുധക്കയറ്റുമതി തുടരാനുള്ള നീക്കങ്ങളാണു ബൈഡൻ ഭരണകൂടം നടത്തുന്നത്. നവംബറിലെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ നേതാവും മുൻ പ്രസിഡന്റുമായ ട്രംപിനെ നേരിടേണ്ട ബൈഡൻ ഗാസ യുദ്ധത്തിന്റെ പേരിൽ വലിയ സമ്മർദം അനുഭവിക്കുന്നുണ്ട്. ഇസ്രയേലിനുള്ള ആയുധക്കയറ്റുമതിക്കു തടസം വരാതിരിക്കാൻ നിയമം കൊണ്ടുവരാനുള്ള നീക്കത്തിലാണ് റിപ്പബ്ലിക്കന്മാർ.