വടക്കൻ ഗാസയിലെ ആക്രമണം ഭയാനകമെന്ന് യുഎസ്
Wednesday, October 30, 2024 10:03 PM IST
വാഷിംഗ്ടൺ ഡിസി: വടക്കൻ ഗാസയിൽ 93 പലസ്തീനികൾ കൊല്ലപ്പെട്ട ഇസ്രേലി ആക്രമണം ഭയാനകമെന്ന് അമേരിക്ക. ജനങ്ങൾ കൊല്ലപ്പെടുന്ന കാര്യം ആശങ്കപ്പെടുത്തുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
ഇസ്രേലി ആക്രമണത്തിൽ രണ്ടു ഡസൻ കുട്ടികൾ കൊല്ലപ്പെട്ടിരിക്കാമെന്ന റിപ്പോർട്ടുകൾ മില്ലർ എടുത്തുപറഞ്ഞു. ഗാസാ യുദ്ധം ഉടനടി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം ബെയ്ത് ലാഹിയയിലെ ജനവാസ കേന്ദ്രത്തിലാണ് ഇസ്രേലി വ്യോമാക്രമണം ഉണ്ടായത്. അഞ്ചുനില കെട്ടിടം മുഴുവനും തകർന്നു. അവശിഷ്ടങ്ങൾക്കിടെ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ജനങ്ങൾ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പരിശോധിച്ചുവരുന്നതായി ഇസ്രേലി സേന അറിയിച്ചു.
ഇസ്രേലിസേന ഒരു മാസമായി വടക്കൻ ഗാസ ഉപരോധിച്ച് ഓപ്പറേഷൻ നടത്തുകയാണ്. പലസ്തീൻ തീവ്രവാദികൾ പുനഃസംഘടിക്കുന്നതു തടയുകയാണു ലക്ഷ്യമെന്ന് ഇസ്രേലി സേന പറയുന്നു.