ജോർജിയയിൽ റഷ്യാ അനുകൂല പാർട്ടി ഭരണം നിലനിർത്തി
Monday, October 28, 2024 12:37 AM IST
ടിബിലിസി: ജോർജിയയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ റഷ്യാ അനുകൂല ജോർജിയൻ ഡ്രീം പാർട്ടി ഭരണം നിലനിർത്തി.
ഡ്രീം പാർട്ടിക്ക് 54 ശതമാനം വോട്ട് ലഭിച്ചതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. യൂറോപ്യൻ അനുകൂലികളായ നാലു പ്രതിപക്ഷ പാർട്ടികൾക്കു മൊത്തത്തിൽ 38 ശതമാനം വോട്ടാണു ലഭിച്ചത്. തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് നടന്നതായി പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
ജോർജിയയുടെ ഭാവിയിൽ സുപ്രധാനമെന്നു വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പിൽ യൂറോപ്യൻ അനുകൂല പ്രതിപക്ഷ പാർട്ടികൾ ഭൂരിപക്ഷം നേടുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിച്ചത്.
ഭരണം നടത്തുന്ന ഡ്രീം പാർട്ടിക്കും യൂറോപ്യൻ അനുകൂല നിലപാടുകളുണ്ടെങ്കിലും റഷ്യയുമായി അവർക്കുള്ള അടുത്ത ബന്ധം പാശ്ചാത്യശക്തികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ജോർജിയയെ യൂറോപ്യൻ യൂണിയനിൽ ചേർക്കാനുള്ള നീക്കങ്ങൾ കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയിരുന്നു.
എന്നാൽ, ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ യൂറോപ്യൻ യൂണിയൻ മരവിപ്പിച്ചിരിക്കുകയാണ്. ജോർജിയയെ യൂറോപ്യൻ യൂണിയനിൽ അംഗമാക്കുമെന്നു ഡ്രീം പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്.
2008ൽ അഞ്ചു ദിവസം നീണ്ട യുദ്ധത്തിൽ ജോർജിയയിൽനിന്നു പിടിച്ചെടുത്ത 20 ശതമാനം പ്രദേശം ഇപ്പോഴും റഷ്യയുടെ കൈവശമാണ്.