ഭീകരവാദക്കുറ്റം: ജർമൻ-ഇറാൻ പൗരന് ഇറാനിൽ വധശിക്ഷ
Wednesday, October 30, 2024 1:58 AM IST
ടെഹ്റാൻ: അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ച് ജർമൻ-ഇറാൻ പൗരനെ ഭീകരവാദക്കുറ്റം ചുമത്തി ഇറാനിൽ വധശിക്ഷയ്ക്കു വിധേയനാക്കി.
ജംഷിദ് ഷാമാദി(69)നെയാണു തിങ്കളാഴ്ച വധശിക്ഷയ്ക്കു വിധേയനാക്കിയത്. ഇറാന്റെ നടപടിയിൽ കടുത്ത പ്രതിഷേധം അറിയിച്ച ജർമനി, പ്രതിഷേധസൂചകമായി ഇറാനിലെ തങ്ങളുടെ സ്ഥാനപതിയെ പിൻവലിച്ചു. ബർലിനിലെ ഇറേനിയൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.
അമേരിക്കൻ പൗരത്വംകൂടിയുള്ള ജംഷിദിനെതിരേ 2008ൽ ഇറാനിലെ ഷിറാസിലെ ഒരു മോസ്കിൽ നടന്ന ഭീകരാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണ് വിപ്ലവ കോടതി കുറ്റം ചുമത്തിയത്. തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇസ്ലാമിക് വിപ്ലവ കോടതി വധശിക്ഷയ്ക്കു വിധിച്ചു. മതത്തിനു നിരക്കാത്ത മൂല്യങ്ങൾ പ്രചരിപ്പിച്ചെന്നും ഇദ്ദേഹത്തിനെതിരേ കുറ്റം ചുമത്തി.
അമേരിക്കൻ ഏജൻസികളായ എഫ്ബിഐയുമായും സിഐഎയുമായും ഇസ്രേലി ചാരസംഘടനയായ മൊസാദുമായും ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും ഇറാൻ ആരോപിച്ചിരുന്നു. 2020ൽ ജംഷിദിനെ ദുബായിൽനിന്ന് ഇറേനിയൻ ഏജന്റുമാർ ഇറാനിലേക്ക് തട്ടിക്കൊണ്ടുപോയി തടവിലിടുകയായിരുന്നു. ദുബായിൽ എത്തുന്നതിനുമുന്പ് അമേരിക്കയിലെ കലിഫോർണിയയിലാണ് അദ്ദേഹം കഴിഞ്ഞുവന്നിരുന്നത്.
അമേരിക്കയുടെ ഒത്താശയോടെ ഇറാനിൽ സായുധ, തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ രൂപീകൃതമായ തൊണ്ടാർ ഗ്രൂപ്പിന്റെ നേതാവായിരുന്നു ജംഷിദ് എന്നും 1979ലെ ഇസ്ലാമിക വിപ്ലവത്താൽ അട്ടിമറിക്കപ്പെട്ട ഇറാനിലെ രാജവാഴ്ച പുനഃസ്ഥാപിക്കാൻ ഈ സംഘടന ശ്രമിക്കുന്നതായും ഇറാൻ ആരോപിച്ചിരുന്നു.
അതേസമയം, ദുബായിൽനിന്ന് ഇറാനിലേക്കു തട്ടിക്കൊണ്ടുപോയി വർഷങ്ങളോളം തടവിലാക്കിയ ജംഷിദ് ഷാമാദിന് നീതിപൂർവകമായ വിചാരണ ലഭ്യമാക്കിയില്ലെന്നും ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുകയാണെന്നും ജർമൻ വിദേശകാര്യമന്ത്രി അന്നാലെന ബെയർബൊക് പറഞ്ഞു.
ടെഹ്റാനിലേക്ക് ഉന്നതതല സംഘത്തെ അയയ്ക്കുന്നതടക്കം കേസിൽ തന്റെ മന്ത്രാലയം അത്യധ്വാനം ചെയ്തുവരികയായിരുന്നുവെന്നും ജർമൻ പൗരനെ വധിച്ച നടപടിയിൽ ഇറാൻ ഗുരുതര പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും അവർ വ്യക്തമാക്കി. ജർമൻ ചാൻസലർ ഒലാഫ് ഷോൾട്സും ഷാമാദിന്റെ വധശിക്ഷയെ ശക്തമായി അപലപിച്ചു.
ജംഷിദ് ഷാമാദിനെതിരേയുള്ള ആരോപണങ്ങളിൽ കോടതിയിൽ സ്വയം വാദിക്കാൻ പോലും അവസരം ലഭിച്ചില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ഷോൾട്സ് എക്സിൽ പറഞ്ഞു.