നിരോധനം ലംഘിച്ച് മിസൈൽ പരീക്ഷണം
Thursday, October 31, 2024 10:33 PM IST
സീയൂൾ: യുഎൻ ഉപരോധങ്ങൾ ലംഘിച്ച് ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചു.
ദൂരപരിധി ഏറ്റവും കൂടിയ മിസൈലാണ് ഇത്തവണ പരീക്ഷിച്ചത്. കുത്തനെ മേലോട്ടു വിട്ട മിസൈൽ 86 മിനിറ്റുകൊണ്ട് 7,000 കിലോമീറ്റർ ഉയരത്തിലെത്തി. ചരിച്ചുവിട്ടാൽ ഈ മിസൈലിന് ഇതിന്റെ പലമടങ്ങു ദൂരം സഞ്ചരിക്കാനാകും.
ശത്രുവിനു നേർക്ക് ആയുധം പ്രയോഗിക്കാൻ മടിക്കില്ലെന്നു വ്യക്തമാക്കുന്നതാണു പരീക്ഷണമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ പറഞ്ഞു.
യുഎൻ രക്ഷാസമിതി പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണു പരീക്ഷണമെന്ന് യുഎസ് പ്രതികരിച്ചു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഉത്തരകൊറിയ ഐസിബിഎം പരീക്ഷണത്തിന് ഒരുങ്ങുന്നതായി ദക്ഷിണകൊറിയ മുന്നറിയിപ്പു നല്കിയിരുന്നു.
2023 ഡിസംബറിലാണ് ഉത്തരകൊറിയ ഇതിനുമുന്പ് ഐസിബിഎം പരീക്ഷിച്ചത്. ആ പരീക്ഷണം 73 മിനിറ്റാണ് നീണ്ടത്.
അമേരിക്കവരെ എത്തുന്ന കൂടുതൽ ശക്തിയുള്ള മിസൈലുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉത്തരകൊറിയയെന്നു നിരീക്ഷകർ അഭിപ്രായപ്പെട്ടു.