ഇസ്രേലി ആക്രമണത്തിൽ മൂന്നു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
Saturday, October 26, 2024 1:10 AM IST
ബെയ്റൂട്ട്: തെക്കുകിഴക്കൻ ലബനനിൽ ഇസ്രേലി വ്യോമാക്രമണത്തിൽ മൂന്നു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ലബനൻ സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
ഹസ്ബായ മേഖലയിൽ മാധ്യമപ്രവർത്തകർ താമസിക്കുന്ന കെട്ടിടത്തിനു നേർക്കാണ് ആക്രമണമുണ്ടായത്.
ബെയ്റൂട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ-മയാദീൻ ടിവിയുടെ കാമറ ഓപ്പറേറ്റർ ഹസൻ നജാർ, ബ്രോഡ്കാസ്റ്റ് ടെക്നീഷൻ മുഹമ്മദ് റിദ എന്നിവരും ഹിസ്ബുള്ളയുടെ അൽ-മനാർ ടിവിയുടെ കാമറ ഓപ്പറേറ്റർ വാസിം ഖാസിമുമാണു കൊല്ലപ്പെട്ടത്.
ഉറങ്ങുകയായിരുന്ന മാധ്യമപ്രവർത്തർക്കു നേർക്കായിരുന്നു ആക്രമണം. 18 മാധ്യമപ്രവർത്തകർ കെട്ടിടത്തിലുണ്ടായിരുന്നു. ആക്രമണദൃശ്യം പ്രാദേശിക ചാനലായ അൽ ജദീദ് പുറത്തുവിട്ടു. ഏതാനും ദിവസം മുന്പ് ബെയ്റൂട്ടിലെ അൽ-മയാദീൻ ടിവിയുടെ ഓഫീസിനു നേർക്ക് ആക്രമണമുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ലബനൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ചശേഷം 11 മാധ്യമപ്രവർത്തകരാണു കൊല്ലപ്പെട്ടത്.
2023 നവംബറിൽ അൽ-മയാദീൻ ടിവി ഓഫീസിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ടു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇസ്രേലി ഷെല്ലിംഗിൽ റോയിട്ടേഴ്സ് വീഡിയോഗ്രാഫർ ഇസാം അബ്ദള്ളയും കൊല്ലപ്പെട്ടു.
ഇന്നലെ തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ഇസ്രേലി സേനയുടെ ആക്രമണത്തിൽ 36 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു