ഇറാനിൽ ഇസ്രേലി ആക്രമണം
Sunday, October 27, 2024 2:27 AM IST
ടെഹ്റാൻ/ടെൽ അവീവ്: ഇറാനിൽ ഇസ്രയേലിന്റെ പ്രത്യാക്രമണം. ഇസ്രേലി പോർവിമാനങ്ങൾ ഇന്നലെ പുലർച്ചെ ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ ബോംബിട്ടു. ടെഹ്റാൻ, പടിഞ്ഞാറൻ പ്രവിശ്യകളായ ഇൽഹാം, കുസസ്താൻ എന്നിവിടങ്ങളിലായി 20 കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. രണ്ട് ഇറേനിയൻ സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ടെഹ്റാനു തെക്ക് ഷംസാബാദിൽ സൈനിക ഡ്രോണുകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിൽ മൂന്നു തൊഴിലാളികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുമുണ്ട്.
ഈ മാസം ഒന്നിന് ഇറാൻ ഇസ്രയേലിൽ നടത്തിയ മിസൈൽ ആക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ഇത്. ‘ഡേയ്സ് ഓഫ് റിപ്പന്റൻസ്’ എന്ന പേരിലായിരുന്നു ഇസ്രേലി ഓപ്പറേഷൻ. അമേരിക്കൻ നിർമിത എഫ്-35 അടക്കം നൂറോളം ഇസ്രേലി യുദ്ധവിമാനങ്ങളാണ് രണ്ടായിരം കിലോമീറ്റർ അകലെയുള്ള ഇറാനിൽ ആക്രമണം നടത്തിയത്.
ഇറേനിയൻ സമയം ഇന്നലെ പുലർച്ചെ രണ്ടിന് തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടനശബ്ദങ്ങൾ കേട്ടുതുടങ്ങി. പുലർച്ചെ അഞ്ചുവരെ ആക്രമണം നീണ്ടു. മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു ആക്രമണം. ആദ്യം ഇറാന്റെ വ്യോമപ്രതിരോധത്തെ നിർവീര്യമാക്കി. തുടർന്ന് മിസൈൽ, ഡ്രോൺ നിർമാണകേന്ദ്രങ്ങൾ ആക്രമിച്ചു. ടെഹ്റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഷ്യൻ നിർമിത എസ്-300 വ്യോമപ്രതിരോധ സംവിധാനം ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്.
പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കാൻ ഇടവരരുത് എന്ന ഉദ്ദേശ്യത്തിൽ, മരണം പരമാവധി കുറയ്ക്കുന്ന വിധത്തിലായിരുന്നു ഇസ്രേലി ആക്രമണം. അമേരിക്കയുടെ ഉപദേശം മാനിച്ച് ഇറാന്റെ ആണവകേന്ദ്രങ്ങൾ, എണ്ണയുത്പാദന സംവിധാനങ്ങൾ എന്നിവ ഇസ്രയേൽ ലക്ഷ്യമിട്ടില്ല. ഇറാനിലെ ഉന്നത നേതൃത്വത്തെയും ഒഴിവാക്കി.
ആക്രമണത്തിനു മുന്പായി ആക്രമണത്തിന്റെ പൊതുവായ വിശദാംശങ്ങൾ ഇസ്രയേൽ മൂന്നാം കക്ഷിയിലൂടെ ഇറാനെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഇസ്രേലി ആക്രമണത്തിനു മണിക്കൂറുകൾക്കുമുന്പ് റഷ്യയും ഇറാന് മുന്നറിയിപ്പു നൽകി.
ഇറാന്റെ മിസൈൽ നിർമാണ കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവയാണ് ആക്രമിച്ചതെന്ന് ഇസ്രേലി സൈനിക വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. ഇറാൻ സംഘർഷം വർധിപ്പിക്കുന്ന നടപടികൾക്കു മുതിരരുതെന്നും ഹാഗാരി മുന്നറിയിപ്പു നൽകി.
ആക്രമണത്തെ നിസാരവത്കരിച്ചുള്ള പ്രതികരണങ്ങളാണ് ഇറാനിൽനിന്നുണ്ടായത്. ആക്രമണത്തിന്റെ വ്യാപ്തിയെ ഇസ്രയേൽ പെരുപ്പിച്ചുകാട്ടുകയാണെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ ഫലപ്രദമായി തടഞ്ഞുവെന്നും ചെറിയ തോതിൽ നാശനഷ്ടങ്ങളുണ്ടെന്നും ഇറേനിയൻ വ്യോമപ്രതിരോധ സേന അറിയിച്ചു. ഇറാന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന് അവരുടെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
ആക്രമണവിവരം ഇസ്രയേൽ അമേരിക്കയെ മുൻകൂർ അറിയിച്ചിരുന്നു. ഇറാൻ പ്രതികാരത്തിനു മുതിരരുതെന്ന് അമേരിക്ക മുന്നറിയിപ്പു നൽകി. ഇസ്രയേലിനു സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാനു പുറമേ ഇറാക്കിലും വ്യോമഗാതാഗതം മണിക്കൂറുകൾ നിർത്തിവയ്ക്കേണ്ടിവന്നു. യുഎഇ, സൗദി, ഖത്തർ, ഗാസയിലെ ഹമാസ് തീവ്രവാദികൾ മുതലായവർ ഇസ്രേലി ആക്രമണത്തെ അപലപിച്ചു.
സിറിയയിലും ആക്രമണം
സിറിയയുടെ മധ്യ, തെക്കൻ പ്രദേശങ്ങളിൽ സൈനികസ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. തലസ്ഥാനമായ ഡമാസ്കസിനടുത്ത് സ്ഫോടനശബ്ദങ്ങൾ കേട്ടു. സിറിയൻ ആക്രമണത്തിൽ ഇസ്രയേൽ പ്രതികരണത്തിനു തയാറായില്ല.