ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ മിസൈൽ നിർമാണ കേന്ദ്രങ്ങളും പ്രവർത്തനം നിർത്തിയ ആണവപദ്ധതി കെട്ടിടവും
Monday, October 28, 2024 12:37 AM IST
വാഷിംഗ്ടൺ ഡിസി: ഇറാന്റെ മിസൈൽ നിർമാണ കേന്ദ്രങ്ങളിലും നിർത്തിവച്ച ആണവപദ്ധതിയുടെ പരീക്ഷണസ്ഥലത്തുമാണ് ഇസ്രേലി യുദ്ധവിമാനങ്ങൾ ശനിയാഴ്ച പുലർച്ചെ ബോംബിട്ടതെന്നു റിപ്പോർട്ട്. വാണിജ്യ ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങൾ വിശകലനം ചെയ്ത വിദഗ്ധരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ടെഹ്റാൻ, പടിഞ്ഞാറൻ പ്രവിശ്യകളായ കുസെസ്താൻ, ഇലാം എന്നിവടങ്ങളിലായിരുന്നു ഇസ്രേലി ആക്രമണം. ടെഹ്റാനു സമീപം പാർച്ചിനിലുള്ള വൻ സൈനിക സമുച്ചയം ആക്രമണത്തിനിരയായി. പാർച്ചിനിലെ തലേഗഹാൻ-രണ്ട് എന്ന കെട്ടിടവും ആക്രമിക്കപ്പെട്ടു.
1989 മുതൽ 2003 വരെ നീണ്ട ‘അമാദ് പ്രോജക്ട്’ എന്ന ഇറേനിയൻ ആണവപദ്ധതിയുടെ പരീക്ഷണങ്ങൾ നടന്നിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. അമാദ് പ്രോജക്ടിലൂടെ അണ്വായുധം സ്വന്തമാക്കാനാണ് ഇറാൻ ശ്രമിച്ചതെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു.
ടെഹ്റാനടുത്തു ഖോജിറിലെ മിസൈൽ ഉത്പാദന കേന്ദ്രത്തിലും ഇസ്രേലി യുദ്ധവിമാനങ്ങൾ ബോംബിട്ടു. ആക്രമണം ഇറാന്റെ മിസൈൽ ഉത്പാദനശേഷിയെ ബാധിച്ചിരിക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.