ഇസ്രേലി ആക്രമണം; ഗാസയിൽ 93 മരണം
Tuesday, October 29, 2024 11:44 PM IST
കയ്റോ: വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയായിലുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ കുട്ടികളടക്കം 93 പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു.
പലസ്തീൻ ജനത അഭയം തേടിയിരുന്ന അഞ്ചുനിലക്കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങളിൽ 40 പേർ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്.
ഇസ്രേലി ആക്രമണത്തിൽ അഞ്ചുനിലക്കെട്ടിടം പൂർണമായി തകർന്നു. കെട്ടിടത്തിൽ 200 പേർ താമസിച്ചിരുന്നു. ഒട്ടേറെപ്പേർക്കു പരിക്കേറ്റതായി ജബലിയയിലെ കമാൽ അഡ്വാൻ ആശുപത്രിവൃത്തങ്ങൾ പറഞ്ഞു.
വടക്കൻ ഗാസ ഒരു മാസമായി ഇസ്രേലി ഉപരോധം നേരിടുന്നു. ഹമാസ് തീവ്രവാദികൾ പുനഃസംഘടിക്കുന്നതു തടയാനുള്ള ഓപ്പറേഷനാണു നടക്കുന്നതെന്ന് ഇസ്രേലി സേന പറയുന്നു. രണ്ടാഴ്ചയയായി വടക്കൻ ഗാസയിലെ ജബലിയ, ബെയ്ത് ലാഹിയ, ബെയ്ത് ഹനൂൺ പ്രദേശങ്ങളിലാണ് ഓപ്പറേഷൻ നടക്കുന്നത്.