ലോകത്തിന്റെ നിലവിളി കേൾക്കുന്ന സഭ വേണമെന്ന് മാർപാപ്പ
Monday, October 28, 2024 1:50 AM IST
വത്തിക്കാൻ: നമ്മുടെ കാലഘട്ടം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നങ്ങൾക്കുനേരേ കണ്ണടയ്ക്കാതെ ലോകത്തിന്റെ നിലവിളി കേൾക്കുന്ന ഒരു സഭ വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ.
സിനഡാത്മകതയെ ആസ്പദമാക്കി നടന്നുവന്ന ആഗോള സിനഡിനു സമാപനം കുറിച്ച് ഇന്നലെ വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനമധ്യേ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
ഒരു സിനഡൽ സഭ ക്രിസ്തുവിനെപ്പോലെ ആവശ്യമുള്ളവരെ സേവിക്കുന്നതിൽ കർമനിരതമായിരിക്കണം. നമുക്കു വേണ്ടത് ഉദാസീനവും പരാജയപ്പെടുന്നതുമായ ഒരു സഭയല്ല, മറിച്ച് ലോകത്തിന്റെ നിലവിളി കേൾക്കുകയും കർത്താവിനെ സേവിക്കുന്നതിൽ കൈകളിൽ ചെളി പുരളാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു സഭയാണ്.
ഇന്നത്തെ സ്ത്രീ-പുരുഷന്മാർ ഉന്നയിക്കുന്ന ചോദ്യങ്ങൾ, നമ്മുടെ കാലത്തെ വെല്ലുവിളികൾ, സുവിശേഷവത്കരണത്തിന്റെ അനിവാര്യത, മനുഷ്യരാശിയെ ബാധിക്കുന്ന അനേകം മുറിവുകൾ എന്നിവയ്ക്കു മുമ്പിൽ സഭയ്ക്ക് നിഷ്ക്രിയമായി തുടരാനാകില്ല. നമുക്കു വേണ്ടത് ഉദാസീനമായ ഒരു സഭയല്ല, മറിച്ച് കർമനിരതയായ സഭയാണ്.
നിശബ്ദമായ സഭയല്ല, മാനവികതയുടെ നിലവിളി ഉൾക്കൊള്ളുന്ന സഭയാണു വേണ്ടത്. അന്ധയായ സഭയല്ല, മറിച്ച് ക്രിസ്തുവിനാൽ പ്രകാശിതമായ സഭയാണു വേണ്ടത്. അതു മറ്റുള്ളവരെ പ്രോജ്വലിപ്പിക്കുന്നു. ഒരു നിശ്ചല സഭയല്ല വേണ്ടത്, മറിച്ച് ലോകത്തിന്റെ തെരുവുകളിലൂടെ തന്റെ കർത്താവിനോടൊപ്പം നടക്കുന്ന മിഷനറി സഭയാണു വേണ്ടത്-മാർപാപ്പ പറഞ്ഞു.
സിനഡ് തയാറാക്കിയ സമാപന രേഖ ദൈവജനത്തിനുള്ള സമ്മാനമാണെന്നു ശനിയാഴ്ച വൈകുന്നേരം സിനഡ് അസംബ്ലിയെ അഭിസംബോധന ചെയ്യവെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. കേവലം വാക്കുകളിലൂടെ മാത്രമല്ല, ഓരോ പ്രവൃത്തിയിലൂടെയും ഇടപെടലിലൂടെയും സുവിശേഷത്തെ ഉൾക്കൊള്ളുന്ന ഒരു “സിനഡൽ സഭ”യിലേക്കുള്ള പാത ഇത് വെളിപ്പെടുത്തുന്നു.
സഭയുടെ മാർഗനിർദേശമായും ഐക്യത്തിന്റെയും ദൗത്യത്തിന്റെയും പ്രതീകമായും വർത്തിക്കുന്ന, ബഹുമുഖ മാനങ്ങളുള്ള ഒരു സമ്മാനമാണ് ഈ രേഖയെന്നും മാർപാപ്പ പറഞ്ഞു. സിനഡിൽ പങ്കെടുത്ത എല്ലാവർക്കും മാർപാപ്പ നന്ദി പറഞ്ഞു.
കഴിഞ്ഞ രണ്ടിന് മാര്‍പാപ്പയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണു സിനഡിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്.
രണ്ടു ഘട്ടമായി നടന്ന സിനഡിന്റെ വിചിന്തനങ്ങള്‍ ക്രോഡീകരിച്ച് ഇന്നലെ സമാപന രേഖ പുറത്തിറക്കി. സഭയുടെ നവീകരണത്തിനുള്ള ശിപാർശകൾ, സ്ത്രീകളുടെ കൂടുതൽ നേതൃത്വപരമായ പങ്ക്, തീരുമാനമെടുക്കുന്നതിൽ അല്മായർക്ക് കൂടുതൽ പങ്കാളിത്തം, ഘടനാപരമായ പരിഷ്കാരങ്ങൾ എന്നിവയ്ക്കു പ്രാധാന്യം നൽകുന്നതാണ് 52 പേജ് വരുന്ന സമാപനരേഖ.