യുഎന്നിന്റെ പലസ്തീൻ സഹായ ഏജൻസിക്ക് വിലക്കുമായി ഇസ്രയേൽ
Tuesday, October 29, 2024 11:44 PM IST
ടെൽ അവീവ്: ഐക്യരാഷ്ട്രസഭയുടെ മുഖ്യ പലസ്തീൻ സഹായ ഏജൻസിക്ക് (യുഎൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ പലസ്തീൻ) നിരോധനം ഏർപ്പെടുത്താനുള്ള ഇസ്രേലി നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസും ബ്രിട്ടനും.
ഗാസയിലെ സഹായവിതരണത്തിൽ ഏജൻസിക്കു പകരക്കാരില്ലെന്നും നിരോധനീക്കം ഇസ്രയേൽ പുനഃപരിശോധിക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ ആവശ്യപ്പെട്ടു.
ഗാസയ്ക്കുവേണ്ടിയുള്ള അന്താരാഷ്ട്ര സഹായനീക്കങ്ങൾ പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് ഇസ്രയേലിന്റേതെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ പറഞ്ഞു. പലസ്തീൻ അഭയാർഥികൾ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസും മുന്നറിയിപ്പു നല്കി.
ഇസ്രയേലിലും അധിനിവേശ കിഴക്കൻ ജറൂസലെമിലും യുഎൻ ഏജൻസിയുടെ പ്രവർത്തനം നിരോധിക്കുന്ന നിയമമാണ് ഇസ്രേലി പാർലമെന്റ് തിങ്കളാഴ്ച വൻ ഭൂരിപക്ഷത്തിൽ പാസാക്കിയത്. ഏജൻസി ഹമാസ് തീവ്രവാദികൾക്കു സഹായം നല്കുന്നു എന്നാരോപിച്ചാണു നടപടി.
മൂന്നു മാസത്തിനുള്ളിൽ നിയമം നടപ്പിലാക്കാനാണ് നീക്കം. ഇതോടെ ഇസ്രേലി ഉദ്യോഗസ്ഥർക്ക് യുഎൻ ഏജൻസിയുമായി സഹകരിക്കാനാവില്ല.
ഗാസ മുഴുവനും ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായതിനാൽ അവിടത്തെ സഹായവിതരണത്തിന് ഏജൻസിക്ക് ഇസ്രയേലുമായി സഹകരിച്ചേ പറ്റൂ. ഗാസയിലെ 20 ലക്ഷത്തിനു മുകളിൽ വരുന്ന ജനം മുഴുവനും സഹായത്തിലാണു പിടിച്ചുനിൽക്കുന്നത്.
പതിറ്റാണ്ടുകളായി യുഎൻ ഏജൻസിയോട് എതിർപ്പുള്ള ഇസ്രയേൽ കഴിഞ്ഞ വർഷത്തെ ഹമാസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ കടുപ്പിക്കുകയായിരുന്നു.
ഏജൻസിയിലെ 19 ജീവനക്കാർ ഭീകരാക്രമണത്തിൽ പങ്കെടുത്തതായി ഇസ്രയേൽ ആരോപിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ച യുഎൻ ആരോപണവിധേയരിൽ ഒന്പതു ജീവനക്കാരെ പുറത്താക്കി. ശേഷിക്കുന്നവരുടെ കാര്യത്തിൽ ഇസ്രയേൽ നല്കിയ തെളിവുകൾ പര്യാപ്തമല്ലെന്നും വ്യക്തമാക്കി.