“സിക്ക് വിഘടനവാദികൾക്കെതിരായ നടപടിക്കു നിർദേശിച്ചത് അമിത് ഷാ”; ആരോപണം സ്ഥിരീകരിച്ച് കനേഡിയൻ മന്ത്രി
Wednesday, October 30, 2024 10:03 PM IST
ഒട്ടാവ: കാനഡയിലെ സിക്ക് തീവ്രവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ നടപടികള്‍ ഇന്ത്യൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവ് പ്രകാരമാണെന്ന തന്റെ ആരോപണം സ്ഥിരീകരിച്ച് കാനഡ ഉപ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍. ദേശീയ സുരക്ഷാസമിതിയിലെ പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കാനഡയിലെ സിക്ക് വിഘടനവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ നടപടികള്‍ അമിത് ഷായുടെ നിർദേശപ്രകാരമാണെന്ന തരത്തിൽ അമേരിക്കയിലെ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
“അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് വിളിച്ച്, ഉത്തരവു നല്കിയ വ്യക്തി അമിത് ഷാ അല്ലേയെന്നു ചോദിച്ചു. അതേയെന്ന് താന്‍ സ്ഥിരീകരിച്ചു” -ഡേവിഡ് മോറിസണ്‍ പറഞ്ഞു. എന്നാല്‍ അമിത് ഷായുടെ ഇടപെടലിനെക്കുറിച്ച് കാനഡ എങ്ങനെ അറിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
പുതിയ വെളിപ്പെടുത്തല്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളാക്കിയേക്കുമെന്നാണ് സൂചന.
2023 ജൂണില്‍ ഖലിസ്ഥാൻ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പറഞ്ഞത് ഏറെ വിവാദമായിരുന്നു.
എന്നാല്‍ ട്രൂഡോയുടെ ആരോപണങ്ങള്‍ അസംബന്ധമെന്നുപറഞ്ഞു തള്ളിക്കളഞ്ഞ ഇന്ത്യ, ഇതു സംബന്ധിച്ച് കാനഡ സര്‍ക്കാര്‍ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരായ പുതിയ ആരോപണത്തില്‍ ഒട്ടാവയിലെ ഇന്ത്യന്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
സിക്ക് വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് കാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ ഹര്‍ദീപ് സിംഗ് നിജ്ജാറടക്കം രാജ്യത്തെ സിക്ക് പൗരന്മാർക്കെതിരായ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയടക്കം ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡയും പുറത്താക്കി.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറുടെ വധവുമായി ബന്ധപ്പെട്ടുയർന്ന നയതന്ത്രത്തർക്കം ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു.
നിജ്ജാറുടെ കൊലപാതകത്തിനുശേഷം ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ 20 ഉദ്യോഗസ്ഥരെ ഇന്ത്യ വെട്ടിക്കുറച്ചിരുന്നു.