കോട്ടയം അതിരൂപതയുടെ അജപാലന വ്യാപനം: പൗരസ്ത്യ സഭാ കാര്യാലയവുമായി ചര്‍ച്ച നടത്തി
Tuesday, October 29, 2024 1:44 AM IST
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കരുടെമേല്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ അജപാലനാധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു.
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെ ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കരുടെ ഒപ്പുസമാഹരണം നടത്തി തയാറാക്കിയ അപേക്ഷ പരിശുദ്ധ സിംഹാസനത്തിന് സമര്‍പ്പിക്കുന്നതിനായി പൗരസ്ത്യ സഭാ കാര്യാലയം പ്രീഫെക്റ്റ് കര്‍ദിനാള്‍ ക്ലൗഡിയോ ഗുജറോത്തിക്ക് സമര്‍പ്പിച്ചു.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലബാര്‍ സിനഡ് സെക്രട്ടറി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കോട്ടയം ആർച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, യൂറോപ്പിലെ അപ്പസ് തോലിക് വിസിറ്റേറ്റര്‍ മാർ സ്റ്റീഫന്‍ ചിറപ്പണത്ത്, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, അതിരൂപത പിആര്‍ഒ അഡ്വ. അജി കോയിക്കല്‍, കെസിവൈഎല്‍ പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍, ഫാ. പ്രിന്‍സ് മുളകുമറ്റം, ഫാ. തോമസ് കൊച്ചുപുത്തന്‍പുരയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള കോട്ടയം അതിരൂപതാംഗങ്ങളായ കുടിയേറ്റ ജനതയുടെ അജപാലന ആവശ്യങ്ങള്‍ സവിസ്തരം ചര്‍ച്ച ചെയ്തു.
അപേക്ഷ വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ ചെയ്ത് ഉചിതമായ തീരുമാനം പരിശുദ്ധ പിതാവിന്റെ അനുമതിയോടുകൂടി സ്വീകരിക്കുന്നതാണെന്ന് കർദിനാൾ ഗുജറോത്തി അറിയിച്ചു.