ഗുട്ടെറസ്- പുടിൻ കൂടിക്കാഴ്ചയെ വിമർശിച്ച് സെലൻസ്കി
Sunday, October 27, 2024 2:27 AM IST
കീവ്: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമർശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി.
റഷ്യയിലെ കസാൻ നഗരത്തിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഗുട്ടെറസ് പങ്കെടുക്കുകയും പുടിനുമായി ഹസ്തദാനം നടത്തുകയും ചെയ്തതാണു സെലൻസ്കിയെ ചൊടിപ്പിച്ചത്. ഇതിലുള്ള പ്രതിഷേധസൂചകമായി യുക്രെയ്ൻ സന്ദർശിക്കാൻ ഗുട്ടെറസ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സെലൻസ്കി അനുകൂലിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.
യുദ്ധത്തിന്റെ കാരണക്കാരനായ ആളുമായി ഹസ്തദാനം ചെയ്യുകയും ആക്രമണകാരിയായ രാജ്യത്ത് ഒരുദിവസം ചെലവിടുകയും ചെയ്തശേഷം ഗുട്ടെറസിന് യുക്രെയ്നിൽ ആതിഥ്യമരുളുന്നത് ശരിയല്ലെന്നാണ് സെലൻസ്കിയുടെ വക്താവ് അറിയിച്ചത്. അതേസമയം, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തതിനെ ഗുട്ടെറസിന്റെ ഓഫീസ് ന്യായീകരിച്ചു. ആഗോളസഹകരണം ഊട്ടിയുറപ്പിക്കുന്നതിൽ ബ്രിക്സിന്റെ പങ്ക് വലുതായതിനാലാണു ഈ സുപ്രധാന ഉച്ചകോടിയിൽ പങ്കെടുത്തതെന്ന് വക്താവ് വ്യക്തമാക്കി.
ഇതിനിടെ ഇന്നലെ യുക്രെയ്നിലെ ആശുപത്രിയിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ അഞ്ചുപേർ മരിച്ചു. വടക്കൻനഗരമായ ദിനിപ്രോയിലെ മെക്നിക്കോവ് സൈനിക ആശുപത്രിക്കുനേരെയാണ് ആക്രമണമുണ്ടായത്.