പെയ്തിറങ്ങിയ ദുരന്തം; പകച്ച് സ്പെയിൻ
Thursday, October 31, 2024 10:33 PM IST
മാഡ്രിഡ്: തെക്കുകിഴക്കൻ സ്പെയിനിലെ മിന്നൽപ്രളയത്തിൽ മരണം 140 ആയി ഉയർന്നു. ഡസൻകണക്കിനു പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കും.
ചൊവ്വാഴ്ച വലൻസിയ ഉൾപ്പെടെയുള്ള മേഖലകളിൽ പേമാരിയും പ്രളയവും ഉണ്ടാവുകയായിരുന്നു. 20 മാസത്തെ മഴയാണ് എട്ടു മണിക്കൂറിൽ പെയ്തതെന്നു സ്പാനിഷ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറഞ്ഞു. തെരുവുകൾ പുഴകളായപ്പോൾ വാഹനങ്ങളെല്ലാം ഒലിച്ചുപോയി. പതിറ്റാണ്ടുകൾക്കിടെ സ്പെയിൻ നേരിടുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്.
ഏറ്റവും കൂടുതൽ നാശമുണ്ടായത് വലൻസിയ പ്രവിശ്യയിലാണ്. നൂറിലധികം മരണങ്ങളും ഇവിടെയാണ്. കസ്റ്റില - ലാ മാഞ്ച, മലാഗാ പ്രവിശ്യകളിലും നാശനഷ്ടങ്ങളുണ്ടായി. പതിനായിരങ്ങൾ വൈദ്യുതിയുടെയും കുടിവെള്ളത്തിന്റെയും അഭാവം നേരിടുന്നു.
റോഡ്, റെയിൽ ഗതാഗതം തകർന്നതോടെ വലൻസിയ പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. വീടുകളുടെ താഴത്തെ നിലകളിൽ നീക്കാൻ പറ്റാത്തവിധം ചെളി അടിഞ്ഞുകൂടിയതായി റിപ്പോർട്ടുകളിൽ പറയുന്നു. ഒലിച്ചുപോയ കാറുകൾ അടിഞ്ഞുകൂടിക്കിടക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
ആയിരത്തോളം സൈനികർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് ഇന്നലെ വലൻസിയ സന്ദർശിച്ചു. രക്ഷാപ്രവർത്തനം ഏകീകരിക്കുന്നതിൽ സഹായിക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ അറിയിച്ചു.
പ്രളയത്തെക്കുറിച്ച് മുന്നറിയിപ്പു നല്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതായി ആരോപണമുണ്ട്. ജനങ്ങളുടെ മൊബൈലുകളിൽ മുന്നറിയിപ്പു സന്ദേശം ലഭിച്ചത് ചൊവ്വാഴ്ച രാത്രി എട്ടിനാണ്. ഈ സമയം വലൻസിയയിലെ ഒട്ടേറെ പ്രദേശങ്ങളിൽ പ്രളയം തുടങ്ങിയിട്ടു മണിക്കൂറുകളായിരുന്നു.