തിരിച്ചടിക്കാൻ മുതിരരുത് ! ഇറാന് ഇസ്രയേലിന്റെയും യുഎസിന്റെയും മുന്നറിയിപ്പ്
Sunday, October 27, 2024 6:36 AM IST
വാഷിംഗ്ടൺ ഡിസി: ഇറാൻ തിരിച്ചടിക്കു മുതിരരുതെന്ന് യുഎസും ഇസ്രയേലും മുന്നറിയിപ്പു നല്കി. “ഇനിയൊരിക്കൽക്കൂടി ഇറാൻ തിരിച്ചടിക്കാൻ മുതിർന്നാൽ, ഞങ്ങൾ തയാറാണ്, വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും” എന്ന് യുഎസ് ദേശീയ സുരക്ഷാസമിതി വക്താവ് ഷോൺ സാവെറ്റ് പറഞ്ഞു.
“ഇതുണ്ടാവാൻ യുഎസ് ആഗ്രഹിക്കുന്നില്ല. ഇറാനും ഇസ്രയേലും നേരിട്ട് ഏറ്റുമുട്ടുന്നത് ഇതോടെ അവസാനിക്കണം. ഇറാൻ ഇസ്രയേലിനെ ആക്രമിക്കുന്നതു നിർത്തണം. ലബനനിലെ യുദ്ധം അവാനിപ്പിക്കുക, ഗാസയിൽ വെടിനിർത്തലുണ്ടാവുക, ഇസ്രേലി ബന്ദികളുടെ മോചനം സാധ്യമാക്കുക എന്നിവയ്ക്കുള്ള ശ്രമങ്ങൾക്കു നേതൃത്വം നല്കാൻ യുഎസ് തയാറാണ്.”
ഇറാനിലെ ഇസ്രേലി ആക്രമണത്തിൽ യുഎസിനു പങ്കില്ല. നയതന്ത്രത്തിലൂടെ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കലാണ് യുഎസിന്റെ ലക്ഷ്യമെന്ന് വക്താവ് കൂട്ടിച്ചേർത്തു.
ടെൽ അവീവ്: വീണ്ടുംസംഘർഷം വർധിപ്പിക്കുകയെന്ന തെറ്റ് ചെയ്യാൻ ഇറാൻ മുതിരരുതെന്ന് ഇസ്രേലി സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹാഗാരി മുന്നറിയിപ്പു നല്കി. ഇസ്രയേലിനു നേരിട്ടു ഭീഷണി ഉയർത്തുന്ന ഇറേനിയൻ സൈനിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രേലി സേന ദൗത്യം പൂർത്തിയാക്കിക്കഴിഞ്ഞു.
സംഘർഷത്തിന്റെ പുതിയൊരു റൗണ്ട് ആരംഭിക്കാനാണ് ഇറാൻ ഭരണകൂടം ഉദ്ദേശിക്കുന്നതെങ്കിൽ ഇസ്രയേലിനു പ്രതികരിക്കേണ്ടിവരും. ഞങ്ങളുടെ സന്ദേശം വ്യക്തമാണ്. ഇസ്രയേലിനു ഭീഷണി ഉയർത്തുന്നവരും പശ്ചിമേഷ്യയിൽ സംഘർഷം വിതയ്ക്കുന്നവരും വലിയ വില നല്കേണ്ടിവരും. അതിനുള്ള ശേഷി ഇസ്രയേലിനുണ്ടെന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ ആക്രമണം. ആക്രമണത്തിനും പ്രതിരോധത്തിനും ഇസ്രയേൽ തയാറായിക്കഴിഞ്ഞെന്നും ഹാഗാരി കൂട്ടിച്ചേർത്തു.
ആക്രമണം മുൻകൂട്ടി അറിയിച്ചശേഷം
ടെൽ അവീവ്: ഇറാനെ മുൻകൂട്ടി അറിയിച്ച ശേഷമാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ട്. ഡച്ച് വിദേശകാര്യമന്ത്രി അടക്കമുള്ള മൂന്നാം കക്ഷികളിലൂടെയാണ് ഇറാനെ ഇസ്രയേൽ വിവരം അറിയിച്ചതെന്ന് അമേരിക്കൻ, ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ തിരിച്ചടിച്ചാൽ കൂടുതൽ ശക്തിയായ ആക്രമണം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഇസ്രയേൽ നല്കി.
പരസ്പരമുള്ള ആക്രമണങ്ങൾ പശ്ചിമേഷ്യാ സംഘർഷം വർധിപ്പിക്കരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ഇസ്രയേലിന്റെ നീക്കങ്ങളെന്ന് യുഎസിലെ ആക്സിയോസ് വാർത്താ വെബ്സൈറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ആക്രമിക്കാൻ പോകുന്ന കാര്യം പൊതുവെയും, എന്തൊക്കെ ആക്രമിക്കില്ലെന്ന കാര്യം പ്രത്യേകിച്ചും ഇറാനെ അറിയിച്ചു.
ഒക്ടോബർ ഒന്നിനും ഏപ്രിൽ 14നും ഇസ്രയേലിൽ ആക്രമണം നടത്താൻ ഉപയോഗിച്ച ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ നിർമാണ കേന്ദ്രങ്ങളെയാണ് ശനിയാഴ്ച പുലർച്ചെ ലക്ഷ്യമിട്ടതെന്ന് ഇസ്രേലി സേന പറഞ്ഞു.
അമേരിക്കൻ നിർദേശം പാലിച്ചു
ടെൽ അവീവ്: ഇറാന്റെ എണ്ണയുത്പാദന കേന്ദ്രങ്ങളോ, ആണവ സംവിധാനങ്ങളോ ആക്രമിക്കരുതെന്ന അമേരിക്കൻ ഉപദേശം അനുസരിച്ചായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഇറാനു നല്കുന്ന തിരിച്ചടിയിൽ ആണവ, എണ്ണ കേന്ദ്രങ്ങൾ ഒഴിവാക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചിരുന്നു. പശ്ചിമേഷ്യാ സംഘർഷം വർധിക്കരുതെന്ന ഉദ്ദേശ്യത്തിലായിരുന്നു അമേരിക്കൻ നീക്കങ്ങൾ.