ലോസ് ആഞ്ചലസ് ടൈംസിലും വാഷിംഗ്ടണ്‍ പോസ്റ്റിലും ‘പൊട്ടിത്തെറി’
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ
Sunday, October 27, 2024 6:36 AM IST
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തുറന്നു പിന്തുണച്ച് രംഗത്തു വരുന്നത് അമേരിക്കയിലെ മാധ്യമങ്ങളുടെ പരമ്പരാഗത ശീലമാണ്. ഇതനുസരിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനും അമേരിക്കന്‍ മാധ്യമങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്ന സീസണാണിത്.
ഇതില്‍ പ്രമുഖ പത്രം വാഷിംഗ്ടണ്‍ പോസ്റ്റിന്റെ നിലപാട് വന്‍ വിവാദമായി. ഇത്തവണ ആരെയും പിന്തുണയ്ക്കില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പ്രഖ്യാപിച്ചു. ഇതില്‍ പ്രതിഷേധിച്ച് എഡിറ്റര്‍ ഇന്‍ ചാര്ജുമാരില് ഒരാളായ റോബര്‍ട്ട് കഗന് രാജിവച്ചു. 11 പത്രാധിപ സമിതിയംഗങ്ങള്‍ പരസ്യപ്രസ്താവന നടത്തി. കോളം എഴുത്തുകാരനും പുലിറ്റ്സര്‍ സമ്മാനജേതാവുമായ യൂജിന്‍ റോബിന്‍സണ്‍, മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ റൂത്ത് മാര്‍ക്കസ് എന്നിവര്‍ അപലപിച്ചു രംഗത്തുവന്നു. പോസ്റ്റിന്റെയും ജീവനക്കാരുടെയും ഇ മെയില്‍ പ്രതിഷേധക്കുറിപ്പുകള്കൊണ്ട് നിറഞ്ഞു.
1976 മുതല്‍ തുടര്‍ച്ചയായി വാഷിംഗ്ടണ്‍ പോസ്റ്റ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയെ പിന്തുണച്ചിരുന്നു. ജിമ്മി കാര്‍ട്ടര്‍ മത്സരിച്ചപ്പോള്‍ തുടങ്ങിയ പതിവ്. 2016ല്‍ ഹിലാരി ക്ലിന്റെനെയും 2020ല്‍ ജോ ബൈഡനെയും പിന്തുണച്ചിരുന്നു. ആമസോണ്‍ ഉടമ ജെഫ് ബെസോസ് പത്രത്തിന്റെ ഉടമയായതിനെത്തുടർന്നാണ് ഇപ്പോള്‍ നിലപാട് മാറിയതെന്ന് രാജിവച്ചവര്‍ പറയുന്നു. ശതകോടീശ്വരനായ അദ്ദേഹത്തിന്റെ അനേകം ബിസിനസ് സംരംഭങ്ങള്‍ സംരക്ഷിക്കാനാണ് ഈ നിലപാടെന്നാണ് ആരോപണം.
ലോസ് ആഞ്ചല്‍സ് ടൈംസും സമാനമായ പാതയിലാണ്. കമല ഹാരിസിനെ പിന്തുണയ്ക്കാനുള്ള എഡിറ്റോറിയല്‍ തീരുമാനത്തെ പത്രമുതലാളി പാട്രിക് സൂണ്‍ ഷിയോംഗ് അട്ടിമറിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് എഡിറ്റര്‍ മറിയല്‍ ഗാര്‍സ രാജിവച്ചു. പാട്രിക്കും ശതകോടീശ്വരനാണ്. ന്യൂയോര്‍ക്ക് ടൈംസ് കമലയെ പിന്തുണച്ചപ്പോള്‍ ന്യൂയോര്‍ക്ക് പോസ്റ്റ് ട്രംപിനെ പിന്തുണച്ചു. മൊത്തം 80 മാധ്യമങ്ങള്‍ കമലയ്ക്കും 10 എണ്ണം ട്രംപിനും ഇതിനോടകം പിന്തുണ അറിയിച്ചിട്ടുണ്ട്. ബ്രിട്ടന് ആസ്ഥാനമായ ഗാര്ഡിയന് പത്രം ശക്തമായ എഡിറ്റോറിയലുമായി കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.
19-ാം നൂറ്റാണ്ടു മുതല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തുറന്നു പിന്തുണച്ച ചരിത്രമാണ് അമേരിക്കന്‍ പത്രങ്ങള്‍ക്കുള്ളത്. സമീപകാലത്ത് ഇതിനു മങ്ങലേറ്റിട്ടുണ്ട്. വരിക്കാരെ നഷ്ടപ്പെടുമെന്ന ഭയം, പുതിയ സാരഥികള്‍ പ്രതികാരം ചെയ്യുമോയെന്ന ചിന്ത തുടങ്ങിയ പല കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. ശതകോടീശ്വരന്മാര് പത്രമുതലാളിമാരായതിനെത്തുടര്ന്ന് അവരുടെ ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും പേറേണ്ടിവരുന്നു. പൊതുസമൂഹം മാത്രമല്ല, മാധ്യമങ്ങളും രണ്ടായി ചേരിതിരിയുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.