ബന്ദി മോചനത്തിന് വേദനാജനകമായ ഒത്തുതീർപ്പുകൾ വേണ്ടിവരും: ഇസ്രയേൽ
Monday, October 28, 2024 12:37 AM IST
ടെൽ അവീവ്: എല്ലാ സൈനിക ലക്ഷ്യങ്ങളും സൈനികശേഷിയിലൂടെ നേടിയെടുക്കാനാവില്ലെന്നും ബന്ദിമോചനത്തിനു വേദനാജനകമായ വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നും ഇസ്രേലി പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ്.
കഴിഞ്ഞവർഷം ഒക്ടോബർ ഏഴിലെ ഭീകരാക്രമണം മുതൽ കൊല്ലപ്പെട്ട ഇസ്രേലി സൈനികർക്ക് ആദരം അർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസത്തെ ആക്രമണത്തിലൂടെ ഇറാന് ഇസ്രയേൽ കൃത്യമായ സന്ദേശമാണ് നൽകിയിരിക്കുന്നത്; ഇസ്രയേലിന്റെ ദീർഘകരങ്ങൾ ശത്രുവിനെത്തേടി എവിടെയുമെത്തും.
ഇസ്രേലി ആക്രമണങ്ങളിൽ ഹമാസിന്റെ സൈനികശേഷി നശിച്ചു. ഹിസ്ബുള്ളയ്ക്കു കനത്ത തിരിച്ചടി ലഭിച്ചുകൊണ്ടിരിക്കുന്നു. ഹിസ്ബുള്ളയുടെ നേതൃനിര ഉന്മൂലനം ചെയ്യപ്പെട്ടു. മിസൈലുകളും റോക്കറ്റുകളും നശിപ്പിക്കപ്പെട്ടു.
ഇറാന്റെ ആയുധമാകാൻ ഹിസ്ബുള്ളയ്ക്കിനി കഴിയില്ല. പക്ഷേ, എല്ലാ ലക്ഷ്യങ്ങളും സൈനികശേഷിയിലൂടെ നേടിയെടുക്കാനാവില്ല. ബന്ദികളെ അവരുടെ ഭവനങ്ങളിൽ തിരിച്ചെത്തിക്കുന്നതിനു വേദനാജനകമായ വിട്ടുവീഴ്ചകൾ വേണ്ടിവരും. ബന്ദികൾക്കും അവരുടെ കുടുംബങ്ങൾക്കും മരണപ്പെട്ട സൈനികർക്കും വേണ്ടി ഇതു ചെയ്തേ പറ്റൂ- ഗാലന്റ് കൂട്ടിച്ചേർത്തു.
ഗമാസ് തലവൻ യഹ്യ സിൻവർ വധിക്കപ്പെട്ടതു മുതലാക്കി ബന്ദികളെ തിരികെയെത്തിക്കാൻ ഇസ്രേലി സർക്കാർ ശ്രമിക്കണമെന്ന് ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ് ചടങ്ങിൽ പറഞ്ഞു. കൊലപാതകികളിൽനിന്നു ബന്ദികളെ മോചിപ്പിക്കുന്നതിനാണ് മുൻഗണനനല്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
മൊസാദ് മേധാവി ഖത്തറിൽ
ഖത്തറിൽ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ശ്രമം. ഹമാസ് തലവൻ യഹ്യ സിൻവർ വധിക്കപ്പെട്ടതടക്കമുള്ള പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബന്ദിമോചനം അടക്കമുള്ള വിഷയങ്ങളിൽ ചർച്ചകൾ പുനരാരംഭിക്കാനാണുനീക്കം.
ഇസ്രേലി ചാരസംഘടനയായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയ ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി. അമേരിക്കൻ ചാരസംഘടന സിഐഎയുടെ തലവൻ ബിൽ ബേൺസ്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി എന്നിവരുമായി ബാർണിയ കൂടിക്കാഴ്ച നടത്തും.