സ്പെയിനിൽ മിന്നൽപ്രളയം; 52 പേർ മരിച്ചു
Wednesday, October 30, 2024 10:03 PM IST
മാഡ്രിഡ്: സ്പെയിന്റെ തെക്കുകിഴക്കൻ ഭാഗത്തുണ്ടായ മിന്നൽപ്രളയത്തിൽ 52 പേർ മരിച്ചു. വലൻസിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്.ആലിപ്പഴവും പെയ്തു.
മിന്നൽ പ്രളയത്തിൽ നഗരഭാഗങ്ങളിലെ തെരുവുകൾ നദികളായി മാറി. കാറുകൾ ഒലിച്ചുപോവുകയും പാലങ്ങൾ തകരുകയും ചെയ്തു. ആളുകൾ രക്ഷപ്പെടാൻ മരത്തിൽ കയറിയിരിക്കുന്ന വീഡിയോകൾ പുറത്തുവന്നു.
രക്ഷാപ്രവർത്തനത്തിന് ആയിരം സൈനികരും രംഗത്തുണ്ട്. പ്രളയമേഖലകളിൽ കുടുങ്ങിയവർ സഹായം തേടിയ നൂറുകണക്കിനു ഫോൺ കോളുകൾ ലഭിച്ചതായി ടിവി, റേഡിയോ സ്റ്റേഷനുകൾ അറിയിച്ചു. ഏറ്റവും കൂടുതൽ കെടുതി നേരിട്ട ലെറ്റൂർ മുനിസിപ്പാലിറ്റിയിൽ ഡ്രോണുകൾ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
മലാഗയിൽ മുന്നൂറു പേർ കയറിയ അതിവേഗ ട്രെയിൻ പാളം തെറ്റി. വലൻസിയയും മാഡ്രിഡിനും ഇടയിലുള്ള ഒട്ടേറെ ട്രെയിൻ സർവീസുകൾ റദ്ദാക്കപ്പെട്ടു.