യുക്രെയ്ൻ സേനയിൽ 1.6 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നു
Wednesday, October 30, 2024 10:03 PM IST
കീവ്: റഷ്യൻ മുന്നേറ്റം നേരിടാൻ വിഷമിക്കുന്ന യുക്രെയ്ൻ സൈനിക ബലം വർധിപ്പിക്കുന്നു. 1.6 ലക്ഷം പേരെക്കൂടി സൈന്യത്തിലെടുക്കാൻ ഉദ്ദേശിക്കുന്നതായി യുക്രെയ്ൻ ദേശീയ സുരക്ഷാ സമിതി വ്യക്തമാക്കി. മൂന്നു മാസത്തിനുള്ളിൽ റിക്രൂട്ട്മെന്റ് നടക്കുമെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
നിർബന്ധിത റിക്രൂട്ട്മെന്റിനു തുല്യമായ നിയമം യുക്രെയ്ൻ പാർലമെന്റ് ഏപ്രിലിൽ പാസാക്കിയിരുന്നു. 25നും 60നും ഇടയിൽ പ്രായമുള്ള എല്ലാവരും ഇലക്ട്രോണിക് ഡേറ്റാബേസിൽ പേരു ചേർക്കണം. സൈനിക സേവനം ഒഴിവാക്കാനായി പേരു ചേർക്കാതിരിക്കുന്നവരെ പിടികൂടാനുള്ള നീക്കങ്ങളും യുക്രെയ്നിൽ ആരംഭിച്ചിട്ടുണ്ട്.
കിഴക്കൻ ഡോൺബാസ് മേഖലയിൽ റഷ്യൻ സേന ക്രമേണ മുന്നേറുന്ന പശ്ചാത്തലത്തിലാണു യുക്രെയ്ൻ സൈന്യത്തിൽ ആളെണ്ണം കൂട്ടുന്നത്. റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയൻ പട്ടാളക്കാരും രംഗത്തിറങ്ങിയിട്ടുണ്ട്.
പതിനായിരത്തിനു മുകളിൽ ഉത്തരകൊറിയൻ പട്ടാളക്കാർ റഷ്യയിലെത്തി പരിശീലനം പൂർത്തിയാക്കിയെന്നാണു സൂചന. റഷ്യൻ പ്രദേശമായ കുർസ്കിൽ ഉത്തരകൊറിയൻ പട്ടാളക്കാരെ വിന്യസിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു.