ലങ്ക വീണ്ടും പുലിപ്പേടിയിൽ
Thursday, May 16, 2024 12:36 AM IST
കൊളംബോ: തമിഴ് രാജ്യത്തിനായി പോരാടിയ എൽടിടിഇ (ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം) യുദ്ധത്തിന്റെ പതിനഞ്ചാം വാർഷികത്തിൽ ശ്രീലങ്കയിൽ കനത്ത ജാഗ്രത. തമിഴ് വംശജർക്കു സ്വാധീനമുള്ള പ്രദേശങ്ങളിൽ എൽടിടിഇ അനുഭാവികൾ സംഘടിക്കാൻ സാധ്യതയുണ്ടെന്നാണു ലങ്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
ശ്രീലങ്കയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളിലാണ് തമിഴ് ആധിപത്യമുള്ള മേഖലകള്‍. 1983ല്‍ ആരംഭിച്ച മൂന്ന് പതിറ്റാണ്ട് നീണ്ട സായുധപോരാട്ടം 2009ല്‍ സൈനിക നടപടിക്കു ശേഷമാണ് അവസാനിക്കുന്നത്. പുലിത്തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം 2009 മേയ് 19ന് കണ്ടെത്തിയ മുല്ലത്തീവിൽ അനുസ്മരണ പരിപാടികൾ നടക്കാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.
അടുത്ത ബുധനാഴ്ച വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സുരക്ഷാസേന നിരീക്ഷിക്കും. എല്‍ടിടിഇ അനുകൂല ലഘുലേഖകൾ വിതരണം ചെയ്യുന്നതു സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാനുള്ള ആഹ്വാനങ്ങൾ ഉണ്ടായിട്ടുണ്ട്.
തമിഴ് വംശജർ ധാരാളമുള്ള ജാഫ്നയില്‍ സര്‍വകലാശാലകളും ചില മനുഷ്യാവകാശ ഗ്രൂപ്പുകളും മെയ് 11-ന് മുള്ളിവയ്ക്കല്‍ വാരം ആചരിച്ചു. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ തമിഴ് ജനത ആചരിക്കുന്നതാണിത്.
എല്‍ടിടിഇ അനുസ്മരണങ്ങള്‍ നിരോധിച്ച കോടതി ഉത്തരവു ലംഘിച്ചതിന് കിഴക്കന്‍ പട്ടണമായ സാമ്പൂരില്‍ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.