അമൃത് ഭാരത് പദ്ധതിക്ക് ഒച്ചിഴയും വേഗം
1454223
Thursday, September 19, 2024 1:42 AM IST
ഷൊർണൂർ: അമൃത് ഭാരത് പദ്ധതി ഇഴയുന്നതായി പരാതി. പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ളവിതരണ പദ്ധതി ഒന്നാംഘട്ടം ഇനിയും പൂർത്തിയായിട്ടില്ല. രണ്ടുവർഷത്തോളമായുള്ള പദ്ധതിയാണിപ്പോഴും ഇഴയുന്നത്. പദ്ധതിയുടെ 95 ശതമാനം പ്രവൃത്തിയും പൂർത്തിയായെന്നാണ് ജല അഥോറിറ്റി അധികൃതരുടെ വിശദീകരണം.
എന്നാൽ പല സ്ഥലങ്ങളിലും പൈപ്പിടൽ പ്രവൃത്തിപോലും പൂർത്തിയായിട്ടില്ലെന്നാണ് പരാതി. 12.15 കോടിരൂപ ചെലവഴിച്ച് നടപ്പാക്കുന്ന ഒന്നാംഘട്ട കുടിവെള്ളവിതരണ പദ്ധതിയാണിപ്പോഴും പൂർത്തിയാകാതെ കിടക്കുന്നത്. പലസ്ഥലങ്ങളിലും വീടുകളിലേക്ക് പൈപ്പുകളിട്ടുവെച്ചിട്ടുണ്ടെങ്കിലും കുടിവെള്ളമെത്തിയിട്ടില്ല. ചിലയിടങ്ങളിൽ പൈപ്പുകളും സ്ഥാപിച്ചിട്ടില്ലെന്നാണ് പരാതി. പൈപ്പിട്ട ഭാഗങ്ങളിൽ പൊട്ടി വെള്ളംപാഴാകുന്നതും വലിയ പരാതികൾക്കിടയാക്കിയിട്ടുണ്ട്. കടുത്തവേനലിൽപോലും വെള്ളംലഭിക്കാത്ത അവസ്ഥയിലെത്താനും പൈപ്പ്പൊട്ടൽ കാരണമായി. ഒന്നാംഘട്ടത്തിൽ 2,290 കണക്ഷൻ നൽകാനാണ് പദ്ധതി. ഇതിൽ ഭൂരിഭാഗംപേർക്കും പൈപ്പുകളെത്തിയെങ്കിലും വെള്ളം എത്തിയിട്ടില്ല.
മാത്രമല്ല പൈപ്പ് കണക്ഷൻ ലഭിച്ച് ആഴ്ചകൾക്കകം ബില്ലുകൾ വരുന്നതായുള്ള പരാതിയും ഉയർന്നിട്ടുണ്ട്. പൊതുപൈപ്പുകൾ എടുത്തുമാറ്റിയതോടെ വീടുകളിലേക്ക് നേരിട്ട് പൈപ്പെത്തിച്ച് കുടിവെള്ളം നൽകുകയാണ് രീതി. മൂന്ന് ഘട്ടങ്ങളിലായി കുടിവെള്ള വിതരണപദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം. രണ്ടാംഘട്ടത്തിൽ 1,200 കണക്ഷൻ നൽകുന്ന പദ്ധതിക്കായി 7.99 കോടിയും മൂന്നാം ഘട്ടത്തിൽ 1,500 കണക്ഷൻ നൽകാനായി 11.5 കോടി രൂപയുടെ പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഒന്നാംഘട്ടം പൂർത്തിയാകുന്നതോടെ മാത്രമേ രണ്ടുംമൂന്നും ഘട്ടങ്ങൾ ആരംഭിക്കാനാവൂ. മാത്രമല്ല രണ്ടും മൂന്നും ഘട്ടങ്ങളിലെ പദ്ധതിക്ക് അനുമതിയും ലഭിക്കേണ്ടതുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.