മംഗലംഡാം കനാലുകളുടെ വൃത്തിയാക്കൽ പ്രഹസനമെന്നു കർഷകർ
1467872
Sunday, November 10, 2024 2:54 AM IST
മംഗലംഡാം: മംഗലംഡാം കനാലുകളുടെ വൃത്തിയാക്കൽ പണികൾ നല്ല രീതിയിലല്ലെന്ന് കർഷകർ. വൃത്തിയാക്കിയ ഭാഗങ്ങളിൽ മരങ്ങളുടെ കുറ്റികളും മാലിന്യങ്ങളും ശേഷിക്കുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് സുഗമമാകില്ലെന്നാണ് കർഷകർ പറയുന്നത്.
യഥാസമയം കനാലുകളുടെ അറ്റകുറ്റപണികൾ നടക്കാത്തതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതുവഴി വലിയതോതിൽ വെള്ളം കനാൽ വശങ്ങളിലൂടെ ചോർന്ന് നഷ്ടപ്പെടാനിടയാകും.
കനാലുകളുടെ തുടക്കത്തിൽ തന്നെ വെള്ളത്തിന്റെ ഒഴുക്കിന് ശക്തി കുറഞ്ഞാൽ പിന്നെ കനാലുകളുടെ വാലറ്റങ്ങളിൽ വെള്ളം എത്താത്ത സ്ഥിതി ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് കനാലുകളിലേക്ക് മറിഞ്ഞുവീണിട്ടുള്ള വൻമരങ്ങളുടെ തടികൾ ഇപ്പോഴും നീക്കം ചെയ്തിട്ടില്ല.
ഇതെല്ലാം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാൻ കാരണമായി മാറും. ഡാമിൽ ഷട്ടറുകൾക്കു സമീപം കനാലിൽ വീണുകിടക്കുന്ന വൻമരങ്ങൾ പോലും ഇപ്പോഴും മുറിച്ചുമാറ്റിയിട്ടില്ല. ഇവിടെനിന്നും വലതു മെയിൻ കനാലിൽ മംഗലംഡാം പോലീസ് സ്റ്റേഷനു സമീപം മൂന്ന് വലിയ മരങ്ങളാണ് കനാലിൽ കിടക്കുന്നത്.
തുടർന്നുള്ള ഭാഗങ്ങളിലും ഇത്തരത്തിൽ മരങ്ങൾ കനാലിലുണ്ട്. ഇടതുകര മെയിൻ കനാലിലും തുടക്കം മുതലെ മരങ്ങളും മറ്റുമായി തടസങ്ങൾ ഏറെയാണ്.