മംഗലം, പോത്തുണ്ടിഡാം വലതുകര കനാലുകള്‍ ഇന്നു തുറന്നുവിടും
1478726
Wednesday, November 13, 2024 5:45 AM IST
പാലക്കാട്: ജലസേചനത്തിനായി മംഗലം, പോത്തുണ്ടി ഡാമുകളുടെ വലതുകര കനാലുകള്‍ ഇന്നു തുറന്നുവിടാന്‍ തീരുമാനം.
മലമ്പുഴ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എൻജിനീയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മംഗലം, മലമ്പുഴ, പോത്തുണ്ടി, ചേരാമംഗലം ജലസേചന പദ്ധതികളുടെ പ്രോജക്ട് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണു തീരുമാനം.
മംഗലം പദ്ധതിയുടെ വലതുകര കനാല്‍ രാവിലെ എട്ടിനും പോത്തുണ്ടി പദ്ധതിയുടെ വലതുകര കനാല്‍ രാവിലെ ഏഴിനുമാണ് തുറന്നു വിടുക. മലമ്പുഴ ഇടതുകര, വലതുകര കനാലുകളിലൂടെ 82 ദിവസം ജലവിതരണം നടത്താൻ സാധിക്കുമെന്നും യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മലമ്പുഴ വലതുകര കനാൽ 18ന് രാവിലെ തുറക്കുന്നതിനും ഇടതുകരകനാൽ 15 ന് രാവിലെ തുറക്കുന്നതിനും ഡിസംബര്‍ രണ്ടിന് അടച്ച് അഞ്ചിന് വീണ്ടും തുറക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.
പോത്തുണ്ടി ഡാം ഇടതുകര വലതുകര കനാലിലൂടെ 64 ദിവസം വിതരണം നടത്താൻ സാധിക്കുമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. യോഗതീരുമാനപ്രകാരം പോത്തുണ്ടി പദ്ധതിയുടെ വലതുകരകനാൽ ഇന്നുരാവിലെ ഏഴിനും ഇടതുകരകനാൽ 15ന് രാവിലെ ഏഴിനും രണ്ടാം വിള ജലവിതരണത്തിനായി തുറക്കും.
മംഗലം പദ്ധതിയുടെ ഇടതുകര വലതുകര കനാലിലൂടെ 70 ദിവസം ജലവിതരണം നടത്താൻ സാധിക്കുമെന്നു അധികൃതർ യോഗത്തിൽ പറഞ്ഞു.
മലമ്പുഴ ജെഡബ്ല്യുആര് ഹാളില്‍ നടന്ന യോഗത്തില്‍ പിഎസി അംഗങ്ങള്‍, കൃഷി, ജലസേചന വകുപ്പ്, എന്‍ആര്‍ഇജിഎസ് വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു.