വടക്കഞ്ചേരിയിലെ "മിനി പമ്പ' ഒരുങ്ങി
1478897
Thursday, November 14, 2024 4:25 AM IST
വടക്കഞ്ചേരി: വൃശ്ചികമാസമാകുന്നു. ഇനി വ്രതശുദ്ധിയുടെ നാളുകളിൽ മിനി പമ്പ എന്നറിയപ്പെടുന്ന മംഗലംപാലത്ത് തീർഥാടകരുടെ പ്രവാഹമാകും.
മകരമാസത്തിലെ ജ്യോതിവരെ രണ്ടര മാസക്കാലം തീർഥാടകരെക്കൊണ്ടു നിറയും മംഗലംപാലവും പരിസരവും. മംഗലംപുഴയും തീർഥാടകർ ഇഷ്ടപ്പെടുന്ന നേന്ത്രക്കായ ചിപ്സിന്റെ വിപണിയുമാണ് മംഗലംപാലം തീർഥാടകരുടെ ഇടത്താവളമായി മാറ്റുന്നത്.
കടകളുടെ മിനുക്കുപണികളും പെയിന്റിംഗ്, ദീപാലങ്കാരങ്ങളുമായി തീർഥാടകരെ ആകർഷിക്കാനുളള തിരക്കിട്ട ജോലികൾ നടന്നുവരികയാണ്. പണികൾക്കായി കടകളെല്ലാം ടാർപോളിൻകൊണ്ട് മൂടിവച്ച് ഉള്ളിൽ ധൃതിപിടിച്ച വർക്കുകളാണ് നടക്കുന്നത്.
മംഗലം- ഗോവിന്ദാപുരം സംസ്ഥാന പാതയോരത്തും തൃശൂർ- പാലക്കാട് ദേശീയപാതയോരത്തുമായി മംഗലംപാലം ജംഗ്ഷനിൽ മാത്രം അമ്പതിലേറെ ചിപ്സ് കടകളുണ്ട്. ഹോട്ടലുകളും മറ്റു കടകളും വേറെ. സീസൺകടകളും ഇവിടെ നിറയും. റോഡിന്റെ വശങ്ങളിൽ കയർകെട്ടിതിരിച്ചും കമ്പുകൾനാട്ടിയും ബുക്കിംഗ് തകൃതിയാണ്. പാതയോര കൈയേറ്റങ്ങൾ ഒഴിവാക്കാൻ ദേശീയപാത അഥോറിറ്റി നേരത്തേ തന്നെ ബാരിക്കേഡുകൾ സ്ഥാപിച്ച് കച്ചവടം ഒഴിവാക്കിയിട്ടുണ്ട്.
ഈവർഷം വലിയ പ്രതീക്ഷയാണുള്ളതെന്നു കച്ചവടക്കാർ പറയുന്നു. നല്ല സീസൺവർഷങ്ങളിൽ ഒരു കടയിൽതന്നെ പ്രതിദിനം ലക്ഷങ്ങളുടെ കച്ചവടം നടക്കും.
ചിപ്സിന്റെ വില്പനതന്നെയാണ് ഇതിൽ കൂടുതൽ. ഹലുവയും തീർഥാടകരുടെ ഇഷ്ടയിനമാണ്.
പാർക്കിംഗിനും പ്രാഥമികാവശ്യങ്ങൾക്കുമുള്ള സൗകര്യങ്ങളുമുണ്ടെങ്കിൽ അത്തരം കടകളിൽ കച്ചവടം ഇരട്ടിയാകും. തീർഥാടകരുടെ ഒരു ബസ് കടയ്ക്കുമുന്നിൽ നിന്നാൽ ചുരുങ്ങിയത് ഇരുന്നൂറു കിലോയെങ്കിലും ചിപ്സ് ചെലവാകും. ചിപ്സ് ഉണ്ടാക്കുന്നതിനായി നാടൻ നേന്ത്രക്കായയ്ക്കൊപ്പം വയനാട്ടിൽനിന്നും ലോഡുകണക്കിനു നേന്ത്രക്കായയുടെ വരവുണ്ട്.
തമിഴ്നാട് കായയും എത്തും. വെളിച്ചെണ്ണയുടെ ഉയർന്ന വില ചിപ്സ് വിലയും കൂട്ടും. 24 മണിക്കൂറും ഇനി ഇവിടത്തെ കടകൾ പ്രവർത്തിക്കും.
ഷിഫ്റ്റ് ക്രമത്തിലാണ് കടകളിലെ ജീവനക്കാരുടെ ജോലി.പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപം ഉൾപ്പെടെ പുതിയ ചിപ്സ് കടകൾ നിരവധി വന്നെങ്കിലും അയൽസംസ്ഥാന തീർഥാടകർ മംഗലം പാലത്ത് എത്തിയാണ് നാട്ടിലേക്കുള്ള ചിപ്സ് വാങ്ങിമടങ്ങുക.
ചിപ്സിനുള്ള വിലക്കുറവും വർഷങ്ങളായുള്ള തീർഥാടകരുടെ ബന്ധങ്ങളുമാണ് വിപണി സജീവമാക്കുന്നത്.
ആറു പതിറ്റാണ്ടിന്റെ
ചിപ്സ് പെരുമ
വടക്കഞ്ചേരി: മംഗലം പാലത്തെ ചിപ്സ് പെരുമയ്ക്ക് ആറുപതിറ്റാണ്ടിനപ്പുറം പെരുമയുണ്ട്.
വടക്കഞ്ചേരി ടൗണിലാണ് ചിപ്സിന്റെ ആദ്യ കട തുടങ്ങിയതെന്നാണു പഴമക്കാർ പറയുന്നത്. അന്നത്തെ കാലത്ത് പഞ്ചായത്ത് റോഡുപോലെ നന്നേ വീതികുറഞ്ഞ ഒറ്റവരിപ്പാതയായിരുന്നു തൃശൂർ- പാലക്കാട് പാത. മംഗലംപാലത്തായിരുന്നു ചെക്ക്പോസ്റ്റ്. ഈയടുത്തകാലം വരെ അതിന്റെ ചെറിയൊരു കെട്ടിടവും മംഗലംപാലത്തുണ്ടായിരുന്നു. പിന്നീട് ഹൈവേ വന്നു.
റോഡിനു വീതികൂടി. ചെക്ക്പോസ്റ്റ് വാളയാറിലേക്കുമാറ്റി. പക്ഷേ, മംഗലംപാലത്തെ ചിപ്സ് പെരുമയ്ക്ക് ഇന്നും സൽപ്പേരുണ്ട്. ഇതൊക്കെയാണെങ്കിലും മംഗലം പാലം ജംഗ്ഷനിൽ റോഡ് തകർന്നുകിടക്കുന്നത് ഇത്തവണ തീർഥാടകരെ വലയ്ക്കും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നല്ല വെയിൽ ലഭിച്ചിട്ടും വലിയ കുഴികൾ അടയ്ക്കാൻപോലും പൊതുമരാമത്തുവകുപ്പ് നടപടിയെടുത്തില്ലെന്നു കച്ചവടക്കാർ കുറ്റപ്പെടുത്തുന്നു.
മഴക്കാലത്ത് കുഴികളിൽ തള്ളിയ ക്വാറിവേസ്റ്റ് ഇപ്പോൾ പ്രദേശമാകെ പൊടിനിറയാൻ കാരണമായിരിക്കുകയാണ്. മണ്ഡലമാസക്കാലത്തിന്റെ ഭാഗമായി പഞ്ചായത്ത് വേണ്ടത്ര മുന്നൊരുക്കങ്ങൾ ഒരുക്കാതിരുന്നത് തീർഥാടകർക്കു ബുദ്ധിമുട്ടുണ്ടാക്കും.
തീർഥാടകർക്കാവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ ഇല്ലാത്തതും പ്രദേശം മലിനമാക്കുമെന്നു കച്ചവടക്കാർ പറയുന്നു.