പ്രധാനകനാൽ താത്കാലിക പുനർനിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിൽ
1478175
Monday, November 11, 2024 4:35 AM IST
വടക്കഞ്ചേരി: ഹോട്ടൽ ഡയാനക്കു പുറകിൽ പള്ളിക്കാട് ഭാഗത്തു മഴവെള്ളപ്പാച്ചിലിൽ തകർന്ന മെയിൻ കനാൽ താത്കാലികമായി പുനർനിർമിച്ച് രണ്ടാംവിള കൃഷിക്കു വെള്ളം വിടുന്നതിനുള്ള പ്രവൃത്തികൾ അന്തിമഘട്ടത്തിലായി.
ഈമാസം അവസാനത്തോടെ വെള്ളം കടത്തിവിടാവുന്ന വിധമാണ് വർക്കുകൾ നടക്കുന്നതെന്നു കനാൽ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സിന്ധു പറഞ്ഞു. മണൽചാക്കുകൾ അട്ടിയിട്ടാണ് വശങ്ങളും കനാലിന്റെ അടിഭാഗവും ബലപ്പെടുത്തുന്നത്. ഫണ്ട് ലഭ്യമാകുന്നതിനനുസരിച്ച് കനാലിന്റെ തകർന്ന ഭാഗത്ത് സൈഡ് കെട്ടി ബലപ്പെടുത്തുന്ന പ്രവൃത്തികൾ വേനലിൽ നടത്തുമെന്നും എൻജിനീയർ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ അവസാനമാണ് ശക്തമായ മഴയിലെ വെള്ളപാച്ചിലിൽ മംഗലംഡാമിൽ നിന്നുള്ള ഇടതുകര മെയിൻ കനാൽ ഈ ഭാഗത്ത് 30 മീറ്ററോളം തകർന്നത്.
കനാലിലെ മണ്ണ് കുത്തിയൊഴുകി സമീപത്തെ നെൽപാടത്തിന്റെ കര ഭാഗവും മണ്ണ് നികന്ന നിലയിലായിരുന്നു. വെള്ളം ചാടി കനാലിൽ വലിയ ഗർത്തവും രൂപപ്പെട്ടിരുന്നു.
കനാൽ ബണ്ടിൽ നിന്നിരുന്ന വൻമരം കടപുഴകി പാടത്തേക്ക് വീണതും കനാലിന്റെ കൂടുതൽ ഭാഗങ്ങൾ തകരാൻ കാരണമാക്കി.
22 കിലോമീറ്റർ ദൂരം വരുന്ന മെയിൻ കനാലിന്റെ പകുതി ദൂരം പിന്നിടുന്ന ഭാഗത്താണ് കനാൽ തകർന്നിരുന്നത്.