ഭാരതപ്പുഴയോരം പാർക്കിന്റെ നിർമാണം അവസാനഘട്ടത്തിൽ
1478895
Thursday, November 14, 2024 4:25 AM IST
ഷൊർണൂർ: ഭാരതപ്പുഴയോരം പാർക്ക് നിർമാണം അവസാന ഘട്ടത്തിൽ. ഒരു മാസത്തിനകം പാർക്ക് തുറന്നുകൊടുക്കും. രണ്ടാംഘട്ട പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
പഴയകടവ് പാതയ്ക്കും ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പട്ടാമ്പിപാലത്തിന്റെ കിഴക്കുഭാഗത്തുമുള്ള പുറമ്പോക്ക് ഭൂമിയും പ്രയോജനപ്പെടുത്തിയാണ് കാൽകിലോമീറ്റർ നീളത്തിലുള്ള പാർക്ക് നിർമിക്കുന്നത്. ആദ്യഘട്ടപണി ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.
പ്രവേശനകവാടം, ഇരുഭാഗത്തും സംരക്ഷണഭിത്തികൾ, പുഴ കാണാവുന്ന വിധത്തിൽ പുഴയോരഭിത്തിയിൽ കൈവരികൾ, 240 മീറ്റർ നീളത്തിലുള്ള നടപ്പാത എന്നിവയെല്ലാം നിർമിച്ചുകഴിഞ്ഞു. മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ പ്രാദേശികവികസന ഫണ്ടിൽനിന്നുള്ള 90 ലക്ഷം രൂപയ്ക്കാണ് ആദ്യഘട്ടപ്രവർത്തനം നടത്തിയത്.
രണ്ടാംഘട്ട പ്രവൃത്തിക്ക് എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷം രൂപകൂടി അനുവദിച്ചിട്ടുണ്ട്. ഇരിപ്പിടങ്ങൾ, തുറന്ന ജിംനേഷ്യം, കുട്ടികൾക്ക് കളിക്കാനും വിനോദത്തിനുമുള്ള ഉപകരണങ്ങൾ, ഓപ്പൺ തീയറ്റർ, വായനയ്ക്കുള്ള സൗകര്യം, വാട്ടർ ഫൗണ്ടേൻ തുടങ്ങിയവയാണ് ഉൾപ്പെട്ടിട്ടുള്ളത്.
താലൂക്കാസ്ഥാനമായ പട്ടാമ്പിയിലോ പരിസരത്തോ ജനങ്ങൾക്ക് ഒഴിവുസമയം ചെലവഴിക്കാൻ പൊതുയിടമില്ലെന്ന തിരിച്ചറിവിൽനിന്നാണ് നിളയോരത്ത് പാർക്കെന്ന ആശയം ഉടലെടുത്തത്.
ആദ്യപടിയായി കൈയേറ്റമൊഴിപ്പിച്ച് സ്ഥലം കണ്ടെത്തി. പട്ടാമ്പിയുടെ പ്രദേശിക വിനോദസഞ്ചാരപദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് പാർക്ക് നിർമിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പട്ടാമ്പിയുടെ ഹൃദയഭാഗത്തുള്ള സെൻട്രൽ ഓർച്ചാഡിനെ ഫാംടൂറിസത്തിന് പാകപ്പെടുത്തിയും ഫാം സ്കൂൾ എന്ന നൂതന ആശയത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിയും നവീകരിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
പാർക്കിന്റെ നിർമാണം വിലയിരുത്തുന്നതിനായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ., നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, സ്ഥിരം സമിതി അധ്യക്ഷൻ വിജയകുമാർ തുടങ്ങിയവർ സ്ഥലംസന്ദർശിച്ചു.