വിനോദസഞ്ചാര ഭൂപടത്തിൽ ഇനിയും ഇടംപിടിക്കാതെ രാമഗിരിക്കോട്ട
1478381
Tuesday, November 12, 2024 5:27 AM IST
ഷൊർണൂർ: ഭൂതകാല ചരിത്രത്തിലേക്കു വിരൽചൂണ്ടി ഒരുകോട്ട പോയകാലത്തിന്റെ ഈടുവയ്പ്പായി ചരിത്രാന്വേഷികൾക്കും വർത്തമാനകാലത്തിനും മുമ്പിൽ ചോദ്യചിഹ്നമായി നിലകൊള്ളുന്നു.
ഓങ്ങല്ലൂരിലെ രാമഗിരി കോട്ടയാണ് ഇന്നും തലയുയർത്തി നിൽക്കുന്നത്. കാഴ്ച്ചക്കാർക്കെല്ലാം കൗതുകം ജനിപ്പിക്കുന്ന ഇടമാണ് രാമഗിരിക്കുന്ന്. ഈ കുന്നിൻമുകളിലാണ് ടിപ്പുസുൽത്താന്റെ കോട്ടയുടെ ബാക്കിപത്രമുള്ളത്.
പാലക്കാട്ടെ മൈസൂർകോട്ടയുടെ സംരക്ഷണത്തിനായാണ് ഇവിടെ കോട്ട പണിതതെന്നാണ് ചരിത്രം.
ഒരുകാലത്ത് വളരെ തന്ത്രപ്രധാനമായിരുന്ന ഈകോട്ട ഇന്ന് തകർന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്.
കോട്ട അവശിഷ്ടങ്ങളായി മാറികൊണ്ടിരിക്കുന്ന സ്ഥിതിയാണ്. വരുംതലമുറയ്ക്കടക്കം ഗവേഷണവിഷയമാകാൻ സാധ്യതയുള്ള കോട്ട സംരക്ഷിക്കേണ്ടതു അത്യാവശ്യമാണെന്ന മുറവിളി ഉയരുന്നുമുണ്ട്.
രാമഗിരി കാടുകളിലെ ഉയരംകൂടിയ കുന്നിനുമുകളിൽ സ്ഥിതിചെയ്യുന്നതിനാലാണ് ഇതിനു രാമഗിരിക്കോട്ട എന്ന പേരുവന്നതെന്നു പറയുന്നു. മൈസൂർ ഭരണകാലത്ത് ഈകോട്ട ഏതുപേരിലാണ് അറിയപ്പെട്ടിരുന്നതെന്നുപോലും ഇന്ന് അജ്ഞാതമാണ്.
ഇവിടെ മ്യൂസിയമാക്കി സംരക്ഷിക്കണമെന്ന ആവശ്യം മുഹമ്മദ് മുഹ്സിൻ എംഎൽഎ നേരത്തെ ആവശ്യപ്പെട്ടി രുന്നതാണ്. എന്നാൽ നടപടികളൊന്നുമായില്ല.
പാലക്കാട് ഫോറസ്റ്റ് ഡിവിഷനുകീഴിൽ വരുന്ന പട്ടാമ്പി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പരിധിയിലാണ് രാമഗിരി കാടുള്ളത്. ട്രക്കിംഗിനു അനുയോജ്യമായ സ്ഥലംകൂടിയാണ് രാമഗിരിക്കുന്ന്.
രാമഗിരിക്കോട്ട അന്വേഷിച്ച് സഞ്ചാരികൾ ഇപ്പോഴും ഇവിടെയെത്താറുണ്ട്. കുത്തനെയുള്ള കയറ്റത്തിലൂടെ ഏറെ പണിപ്പെട്ടുവേണം കുന്നിൻമുകളിലെത്താൻ. ചരിത്രവിദ്യാർഥികളും മറ്റും ഗവേഷണത്തിന്റെ ഭാഗമായി ഇവിടെയെത്താറുണ്ട്. എന്നാൽ ദിശാബോർഡുകൾ പോലും ഇവിടെയില്ല. രാമഗിരിക്കോട്ടയുടെ അവശേഷിക്കുന്ന ഭാഗമെങ്കിലും സംരക്ഷിച്ച് മ്യൂസിയമാക്കിയാൽ വിദ്യാർഥികൾക്കും ചരിത്രാന്വേഷികൾക്കും അതു പ്രയോജനപ്പെടും.
സർക്കാർ ഇത്തരം സ്ഥലങ്ങൾ സംരക്ഷിച്ച് വിനോദസഞ്ചാരമേഖലകളാക്കി മാറ്റിയെടുക്കുന്നുണ്ടെങ്കിലും രാമഗിരിക്കുന്ന് വിനോദസഞ്ചാര ഭൂപടത്തിൽ ഇനിയും ഇടം നേടിയിട്ടില്ല.