കൈത്തോടിനു കുറുകെ പാലം നിർമിക്കണം
1478375
Tuesday, November 12, 2024 5:27 AM IST
ഒറ്റപ്പാലം: കൈത്തോടിന് കുറുകെ പാലം ആവശ്യവുമായി കർഷകർ. ഒറ്റപ്പാലം നഗരത്തിനോടു ചേർന്ന് അതിർത്തി പങ്കിടുന്ന പ്രദേശത്തെ കർഷകരാണ് പാലം ആവശ്യവുമായി കാലങ്ങളായി കാത്തിരിക്കുന്നത്. ട്രാക്ടർ ഇറക്കാനും കൊയ്ത്തുയന്ത്രം എത്തിക്കാനും വലിയ ബുദ്ധിമുട്ടാണ് ഇവർ നേരിടുന്നത്.
പാടശേഖരത്തിലെ കുന്നംപള്ളിയാലിലെ കൈത്തോടിന് കുറുകെ പാലം വേണമെന്നാണ് ആവശ്യം. അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയൊന്നുമായില്ല. പുളിഞ്ചോട് പാടശേഖരത്തിൽ 40 ഏക്കർ സ്ഥലത്താണ് സ്ഥിരമായി കൃഷി ഇറക്കുന്നത്.
ഇതിൽ 30 ഏക്കർ പാടശേഖരമാണ് കുന്നംപള്ളിയാൽ ഭാഗത്തുള്ളത്. 25 കർഷകർ കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഒന്നും രണ്ടും മൂന്നും വിള കൃഷിയിറക്കാറുള്ള കർഷകർക്ക് വിത്തും വളവും എത്തിക്കണമെങ്കിൽ കൈത്തോട് കുറുകെ കടക്കണം. നിലവിൽ മരത്തടിയും ഉപയോഗശൂന്യമായ വൈദ്യുതത്തൂണുമിട്ടാണ് താത്കാലിക പാലം തയ്യാറാക്കിയിരിക്കുന്നത്.
കാഞ്ഞിരക്കടവ് തോടിന് സമീപത്ത് റോഡിൽനിന്ന് പാടത്തേക്ക് 150 മീറ്ററോളം ദൂരത്തിൽ വാഹനം പോകുന്ന മൺവഴി ഉണ്ടെങ്കിലും പാടത്തേക്ക് എത്തണമെങ്കിൽ കൈത്തോട് കടക്കണം. ട്രാക്ടറും കൊയ്ത്തുയന്ത്രവും സമീപത്തെ തോട്ടിലൂടെയാണ് പാടത്തേക്ക് എത്തിക്കാറുള്ളത്. മയിലുംപുറം റോഡിലെ പാടശേഖരത്തിലൂടെ ചുറ്റിവളഞ്ഞു സഞ്ചരിച്ച് വണ്ടി ഇറക്കാൻ കഴിയുമെങ്കിലും ആ ഭാഗത്തുള്ളവർ കൃഷി ഇറക്കിക്കഴിഞ്ഞാൽപിന്നെ പറ്റാറില്ല.
ഇതുവഴി വരുന്നതിന് ചെലവും കൂടുതലാണ്. നവകേരള സദസിൽ പാലത്തിനുവേണ്ടി കർഷകർ അപേക്ഷ നൽകിയിരുന്നു.
കൃഷിഭവൻ അധികൃതർ സ്ഥലത്ത് പരിശോധന നടത്തി റിപ്പോർട്ട് ജലസേചന വകുപ്പിന് കൈമാറി ഒരു വർഷമാകാറായിട്ടും നടപടിയൊന്നുമായിട്ടില്ല.