കലണ്ടറിൽ ചുവപ്പുകണ്ടാൽ കെഎസ്ആർടിസി ബസില്ല
1478371
Tuesday, November 12, 2024 5:27 AM IST
മംഗലംഡാം: മലയോരമേഖലയിലേക്ക് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നതു സർക്കാർ പ്രവൃത്തിദിവസങ്ങളിൽമാത്രം. കലണ്ടറിൽ ചുവന്ന മഷിയുള്ള ദിവസങ്ങളിലൊന്നും മലയോര മേഖലയിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ലെന്നാണ് മലയോരവാസികളുടെ പരാതി.
രണ്ടാം ശനിയാഴ്ചയും ഇന്നലെ ഞായറാഴ്ചയുമായി രണ്ടു ദിവസം അടുപ്പിച്ച് അവധി വന്നതിനാൽ ഈ ദിവസങ്ങളിൽ കെഎസ്ആർടിസി ബസ് സർവീസ് നടത്തിയില്ലെന്നു മംഗലംഡാം കവിളുപാറയിലെ ആദിവാസികൾ പറഞ്ഞു.
മംഗലംഡാമിൽ നിന്നും കവിളുപ്പാറ, ചൂരുപ്പാറ മലയോര മേഖലയിലേക്ക് ആകെയുള്ളത് ഒരു കെഎസ്ആർടിസി ബസ് മാത്രമാണ്. സ്വകാര്യബസ് ഇവിടേക്കില്ല. ഇതിനാൽ കെഎസ്ആർടിസി ഓടിയില്ലെങ്കിൽ മറ്റു വാഹനസൗകര്യങ്ങളില്ലാത്ത ആളുകൾ പുറത്തിറങ്ങാനാകാതെ വീട്ടിലിരിക്കണം. അതല്ലെങ്കിൽ ഉയർന്ന വാടകകൊടുത്ത് ഓട്ടോറിക്ഷയോ ജീപ്പോ വാടകക്കു വിളിച്ചു പോകണം. മംഗലംഡാമിൽ നിന്നും 13 കിലോമീറ്ററുള്ള കവിളുപാറയിലേക്ക് 300 രൂപയെങ്കിലും ഓട്ടോറിക്ഷ വാടക വരും. പോകാനും വരാനുമായി 600 രൂപ വേണം.
മറ്റു വാഹനങ്ങളൊന്നും ഇല്ലാത്ത ആദിവാസികൾ ഉൾപ്പെടെയുള്ള പാവപ്പെട്ട യാത്രക്കാരാണ് കെഎസ്ആർടിസിയുടെ ഈ കലണ്ടർ നോക്കിയുള്ള സർവീസ് മൂലം കഷ്ടത്തിലാകുന്നത്. അവധിദിവസങ്ങളിലാണ് കുട്ടികളുമായി പുറത്തെവിടെയെങ്കിലും പോകാൻ സൗകര്യപ്പെടുക. എന്നാൽ കെഎസ്ആർടിയുടെ ഈ ട്രിപ്പ് മുടക്കൽ യാത്രക്കാർക്ക് വലിയ കെണിയായിരിക്കുകയാണ്.
യാത്രക്കാർ കുറവാകുമെന്നതിനാലാണ് ചില ട്രിപ്പുകൾ മുടങ്ങുന്നതെന്നാണു അധികൃതരുടെ വിശദീകരണം. ബസ് കേടായെന്നും കാരണമായി പറയും.
മലയോരങ്ങളിൽ സർക്കാർ ജീവനക്കാർ അപൂർവമാണെന്നിരിക്കെ എന്തിനാണു പ്രവൃത്തിദിനങ്ങളിൽമാത്രം ബസ് ഓടുന്നതെന്നു യാത്രക്കാർക്കും പിടി കിട്ടുന്നില്ല.