കല്പാത്തി രഥോത്സവം; ദേവരഥങ്ങൾ പ്രയാണം തുടങ്ങി
1478899
Thursday, November 14, 2024 4:25 AM IST
പാലക്കാട്: കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പൊതു - ഭക്തജനത്തിരക്കു പരിഗണിച്ച് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് അശ്വതി ജിജിയുടെ നേതൃത്വത്തില്‍ കൃത്യമായ ക്രമീകരണങ്ങളോടെ ഗതാഗതനിയന്ത്രണവും പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തി.
ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെ നേരിട്ടുളള നിരിക്ഷണത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാംതേരുദിനമായ ഇന്നലെ മൂന്ന് ഡിവൈഎസ്പിമാരുള്പ്പടെ മുന്നൂറോളം പോലീസുകാര്‍ സുരക്ഷാചുമതലയിലുണ്ടായിരുന്നു. ഇന്നു നാല് ഡിവൈഎസ്പിമാരുള്‍പ്പെടെ 310 പോലീസുകാരും, നാളെ നാലു ഡിവൈഎസ്പിമാരുള്‍പ്പെടെ 590 പോലീസുകാരും സുരക്ഷയൊരുക്കും.
നാളെ വൈകുന്നേരം അഞ്ചുമുതല്‍ രാത്രി പത്തുവരെ ഒലവക്കോട്- ശേഖരിപുരം- കല്‍മണ്ഡപം ബൈപാസ് റോഡില്‍ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.
വാളയാര്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്കു പോകുന്ന കാര്‍, ഗ്യാസ്ടാങ്കറുകള് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പാലക്കാട്- വാളയാര്‍ ടോള്പ്ലാസയിലോ, ഹൈവേയിലുള്ള മറ്റു പാര്‍ക്കിംഗുള്ള ഭാഗത്തോ നിര്‍ത്തിയിടേണ്ടതാണ്.
മറ്റുവാഹനങ്ങള്‍, കെഎസ്ആര്‍ടിസി എന്നിവ മേലാമുറി- പറളി- മുണ്ടൂര്‍ വഴി പോകേണ്ടതാണ്. കോഴിക്കോട്, മണ്ണാര്‍ക്കാട് ഭാഗത്തുനിന്നും വാളയാര്‍ ഭാഗത്തേക്കു പോകുന്ന കാര്‍, ഗ്യാസ്ടാങ്കര്‍ എന്നീ വലിയ വാഹനങ്ങള്‍ മുണ്ടൂര്ഭാഗത്ത് നിർത്തിയിടേണ്ടതും മറ്റു വാഹനങ്ങള്‍ മുണ്ടൂര്‍ കൂട്ടുപാത, പറളി വഴി പാലക്കാട് പ്രവേശിച്ച് കല്‍മണ്ഡപം- ചന്ദ്രനഗര്‍ വഴി പോകേണ്ടതുമാണെന്നു ട്രാഫിക് എന്‍ഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.