തൊഴിലാളികൾ രക്ഷപ്പെടുന്നതു ഭാഗ്യംകൊണ്ടുമാത്രം
1478900
Thursday, November 14, 2024 4:25 AM IST
നെന്മാറ: സ്ഥിരമായി കാണുന്ന കാട്ടാനയെ നിയന്ത്രിച്ച് വനമേഖലയിലേക്കു കയറ്റാൻ നാമമാത്രമായ വനപാലകർമാത്രം. പ്രകോപിതനാകുന്ന ആനയ്ക്കു മുമ്പിൽനിന്ന് തൊഴിലാളികൾ രക്ഷപ്പെടുന്നതു ഭാഗ്യം കൊണ്ടുമാത്രം.
ഒരാഴ്ചമുമ്പ് മണലൂർചള്ളയിൽ ഇതേ മോഴയാന ഓടിച്ചുപരിക്കേറ്റ രണ്ടുടാപ്പിംഗ് തൊഴിലാളികൾ എല്ലിനു ക്ഷതമേറ്റ് ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച പോത്തുണ്ടിയിൽ നിന്നാരംഭിച്ച മോഴയാനയുടെ കടന്നുവരവ് തളിപ്പാടം, കരിമ്പാറ, ചേവിണി, കൽച്ചാടി, കോപ്പൻകുളമ്പ്, ചള്ള ഭാഗങ്ങളിൽ തുടർച്ചയാവുകയാണ്.
ദഹനശേഷി കുറഞ്ഞ മോഴയാന വാഴയുടെ ഉണ്ണിപ്പിണ്ടി, തെങ്ങ്, ഈറമ്പന എന്നിവയുടെചോറ് തിന്നാനായാണ് കൃഷിയിടങ്ങളിൽ എത്തുന്നത്. കാടുകയറാത്ത മോഴയാനയെ പിടികൂടി സ്ഥലംമാറ്റണമെന്നാണ് മേഖലയിലെ ജനങ്ങളുടെ നിരന്തരആവശ്യം. കുങ്കിയാനകളെ എത്തിച്ച് മോഴയാനയെ തുരത്താനുള്ള നടപടി വേണമെന്നും കർഷക സംഘടനയായ കിഫ ഭാരവാഹികൾ ആവശ്യപ്പെട്ടു. വനംവകുപ്പ് കാട്ടാനയെ പ്രതിരോധിക്കാൻ പ്രതിവിധി കാണുന്നില്ല.
സൗരോർജവേലി മിക്കയിടത്തും തകർന്നു കിടക്കുന്നു. 2.25 കോടിയുടെ തൂക്കുവേലി നിർമാണം ആരംഭിച്ചില്ല. സ്ഥിരമായി കൃഷിനാശം വരുന്നതിനാലും നഷ്ടപരിഹാരം നാമ മാത്രമായതിനാലും നഷ്ടപരിഹാരത്തിനു കർഷകർ മടിക്കുന്നു. ദ്രുതപ്രതികരണസേനയുടെ സേവനവും മേഖലയിൽ ലഭ്യമല്ല. ആർആർടി സംഘത്തിനായി ജനപ്രതിനിധികൾ വാഹനം അനുവദിച്ചെങ്കിലും ജനങ്ങളുടെ സ്വൈര്യജീവിതത്തിനും കൃഷിസംരക്ഷണത്തിനും നടപടിയുണ്ടായിട്ടില്ല.