ഷൊർണൂർ ആർഎംഎസ് ഓഫീസ് ഡിസംബറിൽ അടച്ചുപൂട്ടും
1478176
Monday, November 11, 2024 4:35 AM IST
ഷൊർണൂർ: ഷൊർണൂർ ആർഎംഎസ് ഓഫീസ് ഡിസംബറിൽ അടച്ചുപൂട്ടും. ഡിസംബർ ഏഴിനകം രാജ്യത്തെ 216 ഓഫീസുകളും കേരളത്തിൽ 12 ഓഫീസുകളും അടച്ചുപൂട്ടാനാണ് കേന്ദ്രസർക്കാർ പോസ്റ്റൽ വകുപ്പിന്റെ നിർദേശം.
ഇതിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ആർഎംഎസ് ഓഫീസും ഉൾപ്പെട്ടിട്ടുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളിലെ 55 തപാൽ ഓഫീസുകളിലേക്കുള്ള തപാൽ ഉരുപ്പിടികൾ തരംതിരിച്ച് നൽകുന്നതു ഷൊർണൂരിൽനിന്നാണ്. പോസ്റ്റോഫീസുകളിൽ നിന്നുവരുന്ന സാധാരണ തപാലും രജിസ്ട്രേഡ് തപാലും ഷൊർണൂർ ആർഎംഎസ് ഓഫീസ് വഴിയാണ് പോകുന്നത്.
പ്രതിദിനം 25,000 സാധാരണ തപാലും 4,000 രജിസ്ട്രേഡ് തപാലും ഷൊർണൂർ ആർഎംഎസ് ഓഫീസ് വഴി കൈകാരം ചെയ്യുന്നുണ്ട്. ട്രാൻസിസ്റ്റ് മെയിൽ ഓഫീസുകളിലെ 2,000 മെയിൽ ബാഗുകളും പ്രതിദിനം ഇവിടെവന്നാണ് പോകുക.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ ഉത്തരക്കടലാസ് കൈകാര്യം ചെയ്യുന്നതും ഷൊർണൂർ ആർഎംഎസ് ഓഫീസ് വഴിയാണ്. പരീക്ഷാ സമയങ്ങളിൽ പ്രതിദിനം 2,000 പേപ്പറുകൾ വരും.
തമിഴ്നാട്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽനിന്നും എത്തുന്ന സംസ്ഥാനത്ത് വിതരണം ചെയ്യേണ്ട പാർസലുകളും കത്തിടപാടുകളും ചെന്നൈ മെയിൽ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നിവയിലെത്തുന്നതും ആർഎംഎസ് ഓഫീസിൽനിന്ന് തരംതരിച്ച് അതതു സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യും.
സംസ്ഥാനത്തെ തപാൽ മേഖലയിലെ ഗേറ്റ് വേ എന്ന രീതിയിലാണ് ഷൊർണൂർ ആർ.എം.എസ്. ഓഫീസ് അറിയപ്പെടുന്നത്. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിൽ മാത്രം 2,500 തപാൽ പ്രതദിനം എത്തും. സംസ്ഥാനത്തെ തെക്കൻ ജില്ലകളിലേക്കുള്ള പാർസലുകളും സ്പീഡ് പോസ്റ്റും വിതരണം ചെയ്യുന്നതും ഷൊർണൂർ ആർഎംഎസ് ഓഫീസ് വഴിയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസാണിത്. പ്രതിദിനം ആയിരക്കണക്കിനാളുകൾ ആശ്രയിക്കുകയും ഒരു ലക്ഷം രൂപയോളം പ്രതിദിനവരുമാനവുമുണ്ട്.
കോവിഡ് കാലത്തും 24 മണിക്കൂറും പ്രവർത്തിച്ച് തപാൽ മേഖലയിൽ തടസമില്ലാത്ത സേവനം നൽകിയിരുന്നു. 60 സ്ഥിരം ജീവനക്കാരും ഇരട്ടിയിലധികം താത്കാലിക ജീവനക്കാരും ഇവിടെയുണ്ട്.
ഇവരുടെയെല്ലാം ജോലി നഷ്ടപ്പെടുത്തുന്ന തീരുമാനം കൂടിയാണ് അടച്ചുപൂട്ടൽ.