മുതലമട ചപ്പക്കാട്, മൊണ്ടിപ്പതി മേഖലയിൽ ജനങ്ങൾ ആനപ്പേടിയിൽ
1478714
Wednesday, November 13, 2024 5:45 AM IST
മുതലമട: ഗ്രാമപഞ്ചായത്തിന്റെ തെക്ക് കിഴക്കൻ തമിഴ്നാട് അതിർത്തിപ്രദേശങ്ങളിൽ കാട്ടാനക്കൂട്ടശല്യം ഒഴിയാബാധയായി തുടരുന്നതുമൂലം കാർഷികവിളകളുടെ നാശം പതിവായി. പടിഞ്ഞാറൻ പഞ്ചായത്ത് പ്രദേശങ്ങളിലും, ആനമല തമിഴ്നാട് ഭാഗത്തും കാട്ടാനശല്യമുണ്ടായാൽ തുരത്തി ഓടിച്ചെത്തിക്കുന്നത് ചപ്പക്കാട്, മൊണ്ടിപ്പതി ഭാഗത്താണ്.
രാത്രിയിൽ മാവുകളും, കവുങ്ങുകളും നശിപ്പിക്കുന്ന ആനകൾ പകൽസമയത്ത് നിരത്തിൽ സഞ്ചാരം നടത്തുന്നത് പ്രദേശത്തെ കോളനിവാസികളെ ഭീതിയിലാഴ്ത്തുന്നു. പ്രദേശത്ത് ആദിവാസി കോളനി ഉൾപ്പെടെ 250 ൽപ്പരം കുടുംബങ്ങൾ താമസക്കാരായുണ്ട്. കാർഷിക വിളനാശത്തിനും നാട്ടുകാരുടെ ജീവനും സംരക്ഷണം വേണമെന്ന വർഷങ്ങളായുള്ള മുറവിളി ഇപ്പോഴും ബധിരകർണങ്ങളിലാണ് പതിക്കുന്നത്.
ചപ്പക്കാട്, മൊണ്ടിപ്പതി പ്രദേശങ്ങളിൽ സർവീസ് നടത്തിയിരുന്ന മൂന്ന് ബസുകൾ സർവീസ് നിർത്തിയതുമൂലം നാട്ടുകാർക്ക് യാത്രാസൗകര്യങ്ങളും ഇല്ലാതായി.
ജനങ്ങൾ മുതലമട ആരോഗ്യകേന്ദ്രത്തിലേക്കും മറ്റു വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്കും വിദ്യാർഥികൾ സ്കൂളിലേക്ക് പോയിവരുന്നതും ഏറെ ദുരിതംപേറിയാണ്.
അസുഖബാധിതരായ കോളനിവാസികൾ 250 രൂപ നൽകി ഓട്ടോയിൽ സഞ്ചരിക്കാൻ കഴിയാത്തതിനാൽ ആശുപത്രിയിലേക്ക് പോകാനും കഴിയാത്ത അവസ്ഥയുണ്ട്.
ഇത്തരം പ്രശ്നങ്ങൾ ഗ്രാമസഭകളിൽ ഉന്നയിക്കാറുണ്ടെങ്കിലും ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.