മതിവരാക്കാഴ്ചകൾ സമ്മാനിച്ച് കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം
1478177
Monday, November 11, 2024 4:35 AM IST
ഫ്രാൻസിസ് തയ്യൂർ
മംഗലംഡാം: കരിമ്പാറകളിൽ തട്ടിച്ചിതറി നുരഞ്ഞുംപതഞ്ഞും ആഴങ്ങളിലേക്കു പതിക്കുന്ന കടപ്പാറക്കടുത്തെ ആലിങ്കൽ വെള്ളച്ചാട്ടം എത്ര കണ്ടാലും മതിവരാത്ത മനോഹര കാഴ്ച തന്നെയാണ്.
വെള്ളത്തിന്റെ കുത്തൊഴുക്കു കുറഞ്ഞെങ്കിലും ഈ വെള്ളച്ചാട്ടം കാണാൻ ഇപ്പോഴും നിരവധിപേർ എത്തുന്നുണ്ട്. അവധി ദിവസങ്ങളിൽ സന്ദർശകരും കൂടും. വനത്തിനുള്ളിലെ ഈ വെള്ളച്ചാട്ടത്തിനു കാനന ഭംഗിയുടെ പശ്ചാത്തലത്തിൽ ശോഭയുമേറെ.
വെള്ളച്ചാട്ടത്തിനടുത്തെത്താൻ കാനനവഴികൾ താണ്ടിയുള്ള ക്ലേശയാത്രയും ക്ഷീണവുമെല്ലാം കാഴ്ചകളുടെ സമൃദ്ധിയിൽ നിമിഷാർധംകൊണ്ട് മറന്നുപോകും. മംഗലംഡാമിൽനിന്ന് 14 കിലോമീറ്റർ അകലെയാണ് ആലിങ്കൽ വെള്ളച്ചാട്ടം.
വഴി അല്പം ദുർഘടമെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവർക്കു യാത്ര ഹരംപകരും. ഡാമിൽനിന്ന് 12 കിലോമീറ്റർ യാത്ര ചെയ്താൽ കടപ്പാറയെത്തും.
അവിടെനിന്ന് വനത്തിനകത്തുള്ള തളികകല്ല് ആദിവാസി കോളനി റോഡിലൂടെ രണ്ടുകിലോമീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാം. നൂറടിയോളം ഉയരത്തിൽ നിന്നാണ് വെള്ളം പതിക്കുന്നത്.
ഉൾക്കാടുകളിൽനിന്നുള്ള ചെറുകാട്ടുചോലകൾ പലഭാഗത്തായി സംഗമിച്ചാണ് താഴേക്കുവീഴുന്നത്. ഇതിനാൽ വെള്ളവും ശുദ്ധമാണ്. മംഗലംഡാമും നെല്ലിയാമ്പതിയും കാട്ടുപോട്ടുകൾ വിഹരിക്കുന്ന നെല്ലിക്കളം കാടും വെള്ളാട്ടിരി മലയും വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നുള്ള മനോഹര കാഴ്ചകൾ. ആദിവാസി കോളനി റോഡിൽ പോത്തംതോട് പാലത്തിൽ നിന്നും 200 മീറ്റർ കിഴക്കു മാറി മറ്റൊരു വെള്ളച്ചാട്ടം കൂടിയുണ്ട്. പക്ഷെ, ഇതുഉയരം കുറഞ്ഞതാണ്. പോത്തൻതോട്, തളികകല്ല് കാട്ടുചോല, ആലിങ്കൽ വെള്ളച്ചാട്ടം എന്നിവ സംഗമിക്കുന്ന തിപ്പിലിക്കയം ഇവിടുത്തെ മറ്റൊരു അപൂർവ കാഴ്ചയാണ്.
ഏത് കൊടും വേനലിലും വെള്ളം പറ്റാത്ത ആഴമേറിയതാണ് ഈ കയം. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വൻ വികസന സാധ്യതകൾ ഉണ്ടായിട്ടും ഇതുവരെ പദ്ധതികളൊന്നും ആവിഷ്കരിക്കപ്പെട്ടിട്ടില്ല. മംഗലം വിനോദസഞ്ചാര പദ്ധതിയുടെ അനുബന്ധ പദ്ധതിയായും ഇവിടം വികസിപ്പിക്കാമായിരുന്നു.
സന്ദർശകർക്കായി ഇവിടെ സുരക്ഷാ മുൻകരുതലുകളും ഇല്ല. സന്ദർശകർക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളും പല തരം കുപ്പികളുമായി മാലിന്യ പ്രശ്നവും ഈ സുന്ദര കാഴ്ചകൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്.
വൈദ്യുതി ഉത്പാദന സാധ്യത പഠിക്കുന്നതിനായി ഇൻവെസ്റ്റിഗേഷൻ ടീം രണ്ടുതവണ ഇവിടെ സർവേ നടത്തി റിപ്പോർട്ട് നൽകിയതായിരുന്നു.
ഊർജ സുരക്ഷാമിഷനും സാധ്യത പഠനം നടത്തി. രണ്ടുമെഗാവാട്ടിൽ താഴെ മാത്രം വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയൂ എന്നതിനാൽ വൈദ്യുതി ഉല്പാദനം സംബന്ധിച്ച് പിന്നീട് ഗൗരവമായ ചർച്ചകളൊന്നും നടന്നതുമില്ല.