ആനയെ തുരത്താൽ വനംവാച്ചർക്കു പഴയ തുരുമ്പിച്ച ബാറ്ററി ടോർച്ച്
1478369
Tuesday, November 12, 2024 5:27 AM IST
വടക്കഞ്ചേരി: മലയോരങ്ങളിലെ സ്ഥിരംകാഴ്ചയാണിത്. ആന, പന്നി എന്നിവയെ തുരത്താൻ രാത്രി മുഴുവൻ കർഷകർ ഉറക്കംകളഞ്ഞ് പന്തങ്ങളും ഹെഡ് ലൈറ്റുകളുമായി തോട്ടങ്ങളിലൂടെ കറങ്ങണം.
ഓരോ ദിവസവും ഓരോ ടീമുകൾക്കാണു ഡ്യൂട്ടി. ഇവർ ഉറക്കമില്ലാതെ വിളകൾക്കു കാവലിരിക്കും. ഒന്നിൽ കൂടുതൽ ആനക്കൂട്ടങ്ങൾ കൃഷിയിടങ്ങളിൽ എത്തുന്ന ദിവസമാണു ഏറെ ദുഷ്കരം. കൂട്ടങ്ങളിൽ അക്രമകാരികളായ ആനയുണ്ടെങ്കിൽ വളരെ ശ്രദ്ധിച്ചുവേണം മുന്നോട്ടുപോകാൻ.
ബഹളംകേട്ടും പന്തംകണ്ടും ആനകൾ പിന്തിരിഞ്ഞുപോകും. എന്നാൽ വഴിക്കുള്ള പൊന്തക്കാടുകളിൽ ആനകൾ മറഞ്ഞുനിൽക്കും. ഇവ ആക്രമിക്കാനെത്തും. കിഴക്കഞ്ചേരി പനംകുറ്റി കരടിയളയിൽ ഒരാഴ്ചയായി എല്ലാദിവസവും ആനയിറങ്ങുന്നുണ്ട്.
മണ്ണാർകുടി ജോർജ് ജോസഫ്, മഞ്ഞാശേരി തങ്കപ്പൻ തുടങ്ങിയവരുടെ തോട്ടങ്ങളിൽ സ്ഥിരമായി ആന വരുന്നുണ്ട്. കഴിഞ്ഞദിവസം കരടിയളയിൽ അർധരാത്രി ബാലന്റെ വീട്ടുമുറ്റത്ത് ആനകളെത്തി.
വീട്ടുകാർ ബഹളമുണ്ടാക്കിയിട്ടും ആന പോയില്ല. പിന്നീട് വാച്ചർ ഷാജിയെ വിളിച്ചുവരുത്തി ബാലന്റെ മകൻ ബാബുവും കുമ്പളോലിക്കൽ ഷാജനുംചേർന്ന് പന്തങ്ങളുമായി ആനകളെ തുരത്തുകയായിരുന്നു.
ഇരുവരുടെയും വീടുകളിൽ പ്രായമുള്ള കിടപ്പുരോഗികളുണ്ട്. ഇതിനാൽ രാത്രി സമയം ആനകളെത്തുമ്പോൾ വീട്ടുകാർക്കു പേടിയാണ്. വീട് ആക്രമിക്കുന്നതും വിളകൾ നശിപ്പിക്കുന്നതുമെല്ലാം നോക്കിവേണം ഇവർക്ക് ഓരോദിവസവും കഴിച്ചുകൂട്ടാൻ. ആനയിറങ്ങി പല തോട്ടങ്ങളിലും ഇപ്പോൾ വിളകളൊന്നും ഇല്ലാതായി. സ്ഥിരമായി ആനവരുന്ന വിവരം വനംവകുപ്പിനെ അറിയിച്ചപ്പോൾ യാതൊരു സുരക്ഷാ സംവിധാനങ്ങളും കൊടുക്കാതെ ഒരു വാച്ചറെയാണ് ഡ്യുട്ടിക്കു നിയോഗിച്ചത്.
ബാറ്ററിയിട്ടു പ്രവർത്തിപ്പിക്കുന്ന പഴയ കാലത്തെ തുരുമ്പിച്ച ഒരു ടോർച്ചാണ് ആനക്കൂട്ടത്തെ തുരത്താൻ വാച്ചർക്കു നൽകിയിട്ടുള്ളത്. നല്ല ടോർച്ച് വാങ്ങാൻപോലും വനംവകുപ്പിന് ഫണ്ടില്ലെന്നാണു പറയുന്നത്.
ശന്പളം കൊടുക്കാൻ പണമില്ലാത്തതിനാൽ പ്രദേശത്തെ വാച്ചർമാരുടെ എണ്ണവും കുറച്ചിരിക്കുകയാണ്. കരടിയള ഭാഗത്ത് വനാതിർത്തിയിൽ അരകിലോമീറ്റർ ദൂരം തകർന്നു കിടക്കുന്ന ഫെൻസിംഗ് പുനസ്ഥാപിച്ചാൽ പീച്ചിക്കാട്ടിൽ നിന്നും ആനകൾ കൃഷിയിടങ്ങളിൽ എത്തുന്നതു തടയാനാകും.
ഇതിനും ഫണ്ടില്ല എന്ന സ്ഥിരം പല്ലവിയാണ് വനംവകുപ്പ് പറയുന്നത്. വനംവകുപ്പിന്റെ നിലപാടിനെതിരേ ഫോറസ്റ്റ് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങൾക്കാണു കർഷകർ ആലോചിക്കുന്നത്.