വെറുമൊരു കന്പിവേലി മതി അപകടങ്ങൾ ഇല്ലാതാക്കാൻ
1478724
Wednesday, November 13, 2024 5:45 AM IST
മംഗലംഡാം: പന്നിക്കൂട്ടങ്ങളും മാനുകളുംചാടി തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന കരിങ്കയം ഫോറസ്റ്റ് ഓഫീസ് പ്രദേശത്ത് ഉയരത്തിലുള്ള കമ്പിനെറ്റ് ഉപയോഗിച്ചുള്ള വേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം.
ഇരുന്നൂറുമീറ്റർ ദൂരത്തിനിടക്ക് ഒരുവർഷത്തിനുളളിൽ രണ്ടപകടങ്ങളിലായി രണ്ടുപേർ മരിച്ചതുൾപ്പെടെ നിരവധി അപകടങ്ങളാണു ഈ ചെറിയ സ്ഥലത്തുമാത്രം സംഭവിക്കുന്നത്. തിങ്കളാഴ്ചയും ഇവിടെ അപകടമുണ്ടായി.
അസുഖത്തെതുടർന്ന് കുട്ടിയെ ഡാമിലെ ഡോക്ടറെകാണിച്ച് തിരിച്ച് ഓടംതോട് നന്നങ്ങാടിയിലേക്കു യാത്രക്കാരുമായി വരികയായിരുന്ന ഓട്ടോറിക്ഷയിൽ മാൻ ഇടിച്ചായിരുന്നു അപകടമുണ്ടായത്. ഓട്ടോറിക്ഷ മറിയാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ഓട്ടോറിക്ഷക്കു കേടുപാട് സംഭവിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇതിനുമുമ്പ് തന്റെ ഓട്ടോറിക്ഷ രണ്ടുതവണ ഇവിടെവച്ച് പന്നിയിടിച്ച് അപകടത്തിൽപ്പെട്ടിട്ടുണ്ടെന്നു ഓട്ടോഡ്രൈവർ മനോജ് പറഞ്ഞു. ഈ വഴിയിലൂടെ പോകുന്ന ഇരുചക്രവാഹന യാത്രികരും മറ്റു ഓട്ടോറിക്ഷകളും ഇവിടുത്തെ അപകടകെണിയിൽപ്പെട്ടിട്ടുള്ളവരാണ്.
വൈകുന്നേരങ്ങളിലും പുലർച്ചെ സമയത്തുമാണ് കാട്ടുമൃഗങ്ങൾ കൂടുതലും റോഡ് മുറിച്ചുപായുക. 2022 ഓഗസ്റ്റ് ഒന്നിനു പറശേരി വേലു (56) ബൈക്കിൽ പന്നിക്കൂട്ടമിടിച്ച് ഇവിടെവച്ചാണ് മരിച്ചത്. 2023 ജൂലൈ 12ന് ഓട്ടോ ഡ്രൈവറായിരുന്ന വക്കാല ആലംപള്ളം മനോജിന്റെ ഭാര്യ വിജിഷ സോണിയ (36) ഇവിടെ പള്ളിക്കടുത്ത് അപകടത്തിൽ മരിച്ച ദാരുണ സംഭവമുണ്ടായി.
സ്കൂൾ കുട്ടികളുമായി വിജിഷ ഓടിച്ചുവന്നിരുന്ന ഓട്ടോറിക്ഷയിൽ പന്നിക്കൂട്ടം ഇടിക്കുകയായിരുന്നു. നിയന്ത്രണംതെറ്റി ഓട്ടോ മറിഞ്ഞാണ് യുവതിയായ വീട്ടമ്മ മരിച്ചത്.അപകടത്തിൽ ഓട്ടോ യാത്രക്കാരായിരുന്ന വിദ്യാർഥികൾക്കും പരിക്കേറ്റിരുന്നു.
റോഡിന്റെ ഒരു ഭാഗത്തുള്ള വനംവകുപ്പിന്റെ തേക്ക് തോട്ടത്തിൽനിന്നും പന്നിക്കൂട്ടങ്ങൾ എതിർ ഭാഗത്തെ സ്വകാര്യ തോട്ടങ്ങളിലേക്കു കടക്കുന്നതാണ് വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാകുന്നത്. ഈ ഭാഗത്ത് ഇരുന്നൂറുമീറ്റർ ദൂരത്തെങ്കിലും നെറ്റ് പോലെയുള്ള കമ്പിവേലി സ്ഥാപിച്ച് പന്നികൾ റോഡ് ക്രോസ് ചെയുന്നത് തടയണമെന്നാണാവശ്യം.
കരിങ്കയം, ഓടംതോട്,ചൂരുപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള ഏക റോഡിലാണ് കാട്ടുമൃഗങ്ങൾ ചാടി അപകടമുണ്ടാകുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെയാണ് പന്നികൾ തലങ്ങും വിലങ്ങും പായുക. ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെട്ടു വീടുകളിലെത്തുന്നത്.