ചുനങ്ങാട്ടെ ജനകീയ ആരോഗ്യകേന്ദ്രം വികസന വഴിയിൽ
1478166
Monday, November 11, 2024 4:35 AM IST
ഒറ്റപ്പാലം: ചുനങ്ങാട്ടെ ജനകീയ ആരോഗ്യകേന്ദ്രം വികസന വഴിയിൽ. പ്രാഥമിക ആശുപത്രിയുടെ നിലവാരത്തിലേക്കു ആരോഗ്യകേന്ദ്രത്തെ ഉയർത്തുകയാണ്. ദേശീയ ആരോഗ്യദൗത്യത്തിന്റെ 55ലക്ഷംരൂപ ഉപയോഗിച്ചാണ് നവീകരിക്കുന്നത്.
ചുനങ്ങാട് കിണർസ്റ്റോപ്പിനു സമീപത്തെ പഴയകെട്ടിടം പൊളിച്ചുനീക്കി 2,500 ചതുരശ്രയടി വിസ്തീർണത്തിലധികംവരുന്ന കെട്ടിടമാണു നിർമിക്കുക. 24 മണിക്കൂറും ചികിത്സ ഉറപ്പാക്കുന്ന വിധത്തിൽ കെട്ടിടമൊരുക്കാനാണ് പദ്ധതി. രണ്ടുനിലക്കെട്ടിടത്തിൽ റാംപ് അടക്കമുള്ള സൗകര്യമൊരുക്കും.
താഴത്തെനിലയിൽ ഡോക്ടറുടെ മുറി, മുറിവുകൾകെട്ടാനുള്ള മുറി, ലാബ് സംവിധാനം, കുത്തിവയ്പ്പെടുക്കാനുള്ള സൗകര്യം എന്നിവയൊരുക്കും.
മുകളിലെ നിലയിൽ ഒന്നോ രണ്ടോ നഴ്സുമാർക്ക് വേണ്ടിവന്നാൽ കുടുംബമടക്കം താമസിക്കാനുള്ള സംവിധാനവും ഒരുക്കും.
കേന്ദ്രത്തിൽ ഒരു നഴ്സിന്റെയും അറ്റൻഡറുടെയും സേവനം ഉറപ്പാക്കും. പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഡോക്ടറെ നിയമിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ളവ എംഎൽഎ ഫണ്ടുപയോഗിച്ച് പൂർത്തിയാക്കും.
നാലുപതിറ്റാണ്ടിലേറെ പഴക്കമുള്ള ആരോഗ്യകേന്ദ്രത്തിൽ പരിമിതമായ സൗകര്യം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ കുത്തിവയ്പ്പ്, ജീവിതശൈലീ രോഗികൾക്കുള്ള രക്തപരിശോധന, ഗർഭിണികൾക്കുള്ള കുത്തിവയപ്പ്, മെഡിക്കൽ ക്യാമ്പ് തുടങ്ങി ചെറിയരീതിയിലുള്ള ചികിത്സകളാണ് നടത്തുന്നത്. സൗകര്യങ്ങൾ കുറവായതിനാൽ മാസത്തിൽ നൂറിൽത്താഴെ രോഗികൾ മാത്രമാണ് കേന്ദ്രത്തെ ആശ്രയിക്കുന്നത്. ചുനങ്ങാട് മേഖലയിലെ ഒൻപത് വാർഡുകളിലുള്ളവർക്ക് അസുഖമെന്തെങ്കിലും വന്നാൽ അമ്പലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തെയോ ഒറ്റപ്പാലം താലൂക്കാശുപത്രിയെയോ ആശ്രയിക്കണം. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ആശുപത്രിയുടെ നിലവാരം ഉയർത്തുന്നത്.
ഭരണാനുമതി ലഭിച്ചാലുടൻ നിർമാണം തുടങ്ങുമെന്നു അമ്പലപ്പാറപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശികുമാർ അറിയിച്ചു. രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി കേന്ദ്രം തുറന്നുകൊടുക്കും.