നെല്ലുസംഭരണം പാളി; നഷ്ടത്തിന് നെല്ലളക്കാനായി കർഷകർ
1467870
Sunday, November 10, 2024 2:54 AM IST
ഒറ്റപ്പാലം: നെല്ല്സംഭരണം പാളി കർഷകർ വലയുന്നു. ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽ പല സ്ഥലങ്ങളിലും കൊയ്തെടുത്ത നെല്ലുസംഭരിക്കാത്തതുമൂലം കർഷകർ പ്രതിസന്ധിയിലാണ്. സപ്ലൈകോയുടെ പട്ടികയിലുള്ള മില്ലുടമകൾ നെല്ല് സംഭരിക്കാത്തതാണു കർഷകർക്കു തലവേദനയാകുന്നത്.
കൊയ്ത്ത്കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും കർഷകരിൽ നിന്നും നെല്ല് സംഭരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. ഒറ്റപ്പാലം നഗരസഭയിൽ പാലപ്പുറത്തേയും പനമണ്ണയിലേയും മാത്രം അഞ്ച് പാടശേഖരങ്ങളിൽ നെല്ലുസംഭരിക്കാതെ കിടക്കുന്നുണ്ട്. ഇരുപതോളം കർഷകരുടെ 150 ഏക്കറോളം സ്ഥലത്തെ നെല്ല് ഇത്തരത്തിൽ സംഭരിക്കാതെ കിടക്കുന്നുണ്ട്. കൃഷിവകുപ്പ് മുഖാന്തരം ലഭിച്ച ജ്യോതി വിത്ത് ഉപയോഗിച്ചാണ് ഇവിടങ്ങളിൽ കൃഷി ചെയ്തത്.
കൊയ്ത്തും സംഭരണ നടപടികളും കഴിഞ്ഞിട്ട് ആഴ്ചകളായിട്ടും ഇതുവരെ തുടർനടപടികളില്ല. ഇതോടെ സ്വകാര്യമില്ലുകൾക്കു നേരിട്ടു നെല്ല് നൽകേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ. അങ്ങനെ നൽകിയാൽ വില കുറയുമെന്നത് പ്രതിസന്ധികളെ തരണംചെയ്ത് കൃഷിചെയ്യുന്ന കർഷകർക്കു വൻ നഷ്ടമുണ്ടാക്കും. ഇതിനുപുറമേ കേടുവരാതെ എടുത്തുവെച്ച നെല്ല് മഴ നനയുന്ന സ്ഥിതിയുണ്ടായാൽ വീണ്ടും നഷ്ടം സംഭവിക്കും.
എലിശല്യവും സംഭരിച്ചുവെക്കാൻ സ്ഥലമില്ലാത്തതും പ്രശ്നമാണ്. നിലവിൽ 28 രൂപയ്ക്കാണ് സപ്ലൈകോ സംഭരിക്കുന്നതെന്നാണു കർഷകർ പറയുന്നത്. സപ്ലൈകോ ഏറ്റെടുക്കാത്തപക്ഷം 10 രൂപവരെ കുറച്ച് സ്വകാര്യമേഖലയിൽ വിൽക്കേണ്ടിവരും. നഗരസഭയിൽ 16 പാടശേഖരങ്ങളാണുള്ളത്. അതിലെ 11 സ്ഥലങ്ങളിലും ആവശ്യം കഴിഞ്ഞ നെല്ല് സ്വകാര്യമില്ലുകാർക്കു നേരിട്ടുനൽകുകയാണ്. കൊയ്ത്തുകഴിഞ്ഞയുടൻ മില്ലിലെത്തിച്ചാൽ വേഗം പണം ലഭിക്കുമെന്നതൊഴിച്ചാൽ വൻനഷ്ടമാണ് ഇതിൽ കർഷകർ നേരിടുന്നത്.
നെല്ലുസംഭരിക്കാൻ പല്ലശനയിലെ മില്ലുകാരെയാണു ചുമതലപ്പെടുത്തിയിട്ടുള്ളതെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്. രേഖാമൂലം സപ്ലൈകോ നിർദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു.