വാണിയംകുളം- മാന്നന്നൂർ റോഡ് നവീകരണ നടപടികൾ തുടങ്ങി
1478169
Monday, November 11, 2024 4:35 AM IST
ഒറ്റപ്പാലം: വാണിയംകുളം- മാന്നനൂർ റോഡ് നവീകരണത്തിനു പുതിയ കരാറുകാരനെ കണ്ടെത്തുന്നതിനായി പൊതുമരാമത്ത് വിഭാഗം നടപടിതുടങ്ങി.
ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാലുടൻ പുനർദർഘാസ് വിളിക്കുമെന്നു അധികൃതർ പറഞ്ഞു. നവീകരണത്തിനു കാലതാസമസം വരുത്തിയതിനാൽ നിലവിലെ കരാറുകാരനെ നവീകരണപ്രവൃത്തികളിൽനിന്ന് ഒഴിവാക്കിയിരിക്കയാണ്.
മൂന്നുവർഷമായി വാണിയംകുളം- മാന്നനൂർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞിട്ട്. എന്നാൽ, ചെറുകാട്ടുപുലം സ്കൂൾമുതൽ മാന്നനൂർ റെയിൽവേ സ്റ്റേഷൻവരെയുള്ള റോഡിന്റെ ടാറിംഗ് മാത്രം നടന്നില്ല.
ഇതോടെയാണ് വാണിയംകുളം- മാന്നനൂർ റോഡ് നവീകരണ പ്രവർത്തനങ്ങളിൽനിന്ന് നിലവിലെ കരാറുകാരനെ മാറ്റിയത്.
ചെറുകാട്ടുപുലം സ്കൂൾമുതലുള്ള മൂന്നരകിലോമീറ്റർ ദൂരത്തെ റോഡിൽ വലിയ കുഴികൾ നിറഞ്ഞിരിക്കയാണ്.
ആറുസ്വകാര്യബസുകളും ആറോളം സ്കൂൾ ബസുകളും ദിവസേന സർവീസ് നടത്തുന്ന പാതകൂടിയാണിത്. വാണിയംകുളത്തെ മെഡിക്കൽ കോളജിലേക്കും മറ്റ് ആശുപത്രിയിലേക്കും ഇതുവഴിയാണ് പോകുന്നത്. മാന്നനൂർ എയുപി സ്കൂൾ, റെയിൽവേസ്റ്റേഷൻ എന്നിവ സ്ഥിതിചെയ്യുന്നത് റോഡിന്റെ അവസാനഭാഗത്താണ്.
റോഡിന്റെ അവസ്ഥകാരണം രാത്രികാലങ്ങളിൽ വാഹനങ്ങൾപോലും ലഭിക്കാത്ത സ്ഥിതിയാണെന്നു നാട്ടുകാർ പറയുന്നു.